Hivision Channel

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ പേപ്പര്‍ ചോര്‍ച്ച; കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട് പാലക്കുന്ന് കോളേജിലെ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി. ചോദ്യ പ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ബുധനാഴ്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും, വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തല്‍.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് അയച്ച ബി സി എ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പര്‍ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ചോര്‍ന്നതായാണ് പരാതി. പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യ പ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമായെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തുകൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ്വേഡ് ഒരുമണിക്കൂര്‍ മുന്‍പാണ് നല്‍കുക. പാസ്വേഡ് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് വിദ്യാര്‍ഥി തെളിവുസഹിതം സമ്മതിച്ചു

എന്നാല്‍, അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോര്‍ത്തിയിട്ടില്ലെന്നാണ് കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അജീഷ് നേരത്തെ പറഞ്ഞത്. മുന്‍വര്‍ഷങ്ങളിലെ ബി സി എ ചോദ്യപേപ്പറുകളും വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാറുണ്ട്. അക്കൂട്ടത്തില്‍ ദൗര്‍ഭാഗ്യകരമായി ചിലപ്പോള്‍ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉള്‍പ്പെട്ടതാവാമെന്നാണ് വിശദീകരണം. ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയ്യില്‍ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കുട്ടി സര്‍വകലാശാലയില്‍ നിന്നുള്ള സ്‌ക്വോഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നായിരുന്നു പ്രിന്‍സിപ്പളിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *