
കണ്ണൂര്‍:വേനലവധിക്ക് ശേഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കും. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായാല്‍, സമയബന്ധിതമായി പ്രഖ്യാപനം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ യോഗത്തില്‍ അറിയിച്ചു.
എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സുരക്ഷാ പ്ലാന്‍ അഥവാ സ്‌കൂള്‍ ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കണം. സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജില്ലയില്‍ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളില്‍ സ്‌കൂള്‍ പ്രവൃത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കൂളിനടുത്തുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. റെയില്‍ ക്രോസിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി അഗ്നി സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂകൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. കുട്ടികളെ അമിതമായി കയറ്റി വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലെന്നും യോഗം നിര്‍ദേശിച്ചു.














