
കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. കപ്പലില്‍ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും, 13 എണ്ണത്തില്‍ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്.
ഇതിനു പുറമേ മറ്റ് കണ്ടെയിനറുകളില്‍ പലതിലും പരസ്ഥിതിക്ക് വിനാശകരമായ വസ്തുക്കളാണ്. തെക്കന്‍ തീരങ്ങളില്‍ അടിഞ്ഞ് തീരമാകെ പരന്ന പോളിപ്രൊപ്പലൈന്‍ ആണ് ഇതിലൊന്ന്. പ്‌ളാസറ്റിക്ക് വ്യവസായത്തിലെ അടിസ്ഥാന അസംസ്‌കൃത വസ്തുവാണിത്. കരയില്‍ കണ്ടതിനെക്കാള്‍ എത്രയോ അധികമാകും ഇത് കടലില്‍ പരന്നിട്ടുണ്ടാകുക. എന്തൊക്കെ ചരക്കുകളാണ് കണ്ടെയിനറുകള്‍ ഉള്ളതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതകര്‍ക്ക് അറിയാം. പക്ഷേ അത് പൊതുജന സമക്ഷം വെളിപ്പെടുത്തിയിട്ടില്ല.
കപ്പലില്‍ 84.44 മെട്രിക്ക് ടണ്‍ ഡീസലും 367.1 മെട്രിക്ക് ടണ്‍ ഫര്‍ണസ് ഓയിലും ലോഡ് ചെയ്തിരുന്നു. 3 കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും മുംബൈയില്‍ നിന്നെത്തിച്ച സമുദ്ര പ്രഹരി പോലുള്ള പ്രത്യേക കപ്പലും ഉപയോഗിച്ച് എണ്ണപാടം നീക്കം ചെയ്യാന്‍ അശ്രാന്ത പരിശ്രമത്തിലാണ് തീര സംരക്ഷണ സേന. എന്നാല്‍ ക്രൂഡ് ഓയിലിലെ അപകടകാരികളായ പോളിസൈക്കളിക്ക് ഹൈഡ്രോ കാര്‍ബണ്‍ നീക്കുക എളുപ്പമല്ല. വര്‍ഷങ്ങളോളം ഇത് പരിസ്ഥിതിക നാശം വിതച്ചുകൊണ്ടിരിക്കും.
കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളില്‍ കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയുള്ള മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളടക്കം ഇന്ന് ആരംഭിച്ചിരുന്നു. കപ്പല്‍ അപകടം തീരദേശത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യമടക്കം കണക്കിലെടുത്താണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇത് നിര്‍ണായകമാകും.














