Hivision Channel

വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമര്‍ശം; ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ സസ്പെന്റ് ചെയ്തു

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ചത് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ എ എന്നയാളാണ്. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ടു. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായിരുന്നു. ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാള്‍ കമന്റ് പിന്‍വലിച്ചു. വിഷയത്തില്‍ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസര്‍കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

അതേസമയം അപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *