Hivision Channel

ഓപ്പറേഷന്‍ മഹാദേവിലൂടെ പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ

ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹല്‍ഗാമില്‍ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷന്‍ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയില്‍ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.

പാകിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഭീകരരെ അനുവദിച്ചില്ല. പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതല്‍ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *