
കുന്നോത്ത്: ഛത്തീസ്ഗഢില്‍ അന്യായമായി അറസ്റ്റു ചെയ്തുതടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയക്കണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സാമൂഹ്യ സുരക്ഷയും നീതിയും ഉറപ്പാക്കിക്കൊണ്ട് ആശങ്കയില്ലാതെ ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും കുന്നോത്ത് സെന്തോമസ് പാരീഷ് ഹാളില്‍ എ കെ സിസിയുടെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന ചില പ്രസ്ഥാനങ്ങളുടെ സമീപനം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ട് ഭരണഘടനയില്‍ ഉറപ്പു നല്‍കിയിരിക്കുന്ന മൗലീകാവകാശങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പ് നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഫാ. ജോസഫ് കരിങ്ങാലിക്കാട്ടില്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. എ കെ സി സി പ്രസിഡന്റ് എന്‍. വി ജോസഫ് അധ്യക്ഷത വഹിച്ചു.ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ബെന്നി പുതിയാമ്പുറം,ഇടവക കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കക്കാട്ടില്‍, മാതൃവേദി പ്രസിഡന്റ് ജീന. കെ മാത്യു, ഷാജി മംഗലത്തില്‍, രഞ്ജന തോംസണ്‍ മിനിമംഗലത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.














