Hivision Channel

നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ആഴ്ച പ്രതികള്‍ക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോള്‍ തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ പരാതിയില്‍ അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും ഇരുവരും വാദിച്ചു. സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ അനാവശ്യമായാണ് പൊലീസ് അന്വേഷണമെന്നും നിവിന്‍ പോളിയും എബ്രിഡ് ഷൈനും കോടതിയില്‍ ഉന്നയിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.

തലയോലപ്പറമ്പ് പൊലീസാണ് ഷംനാസ് എന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണവുമായി മുന്നോട്ടുപോയത്. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസ്. വഞ്ചനയിലൂടെ തന്റെ പക്കല്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷംനാസിന്റെ പരാതി. നിവിന്‍ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

Leave a Comment

Your email address will not be published. Required fields are marked *