Hivision Channel

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം; ചട്ടത്തില്‍ ഭേദഗതി വരുത്തി വനം വകുപ്പ് ഉത്തരവ്

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ്. ശല്യക്കാരായ കാട്ടുപന്നിയെ പിടികൂടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ച് ഉത്തരവ് വനംവകുപ്പ് പുറത്തിറക്കി.

അംഗീകൃത ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ചു കൊണ്ടാണ് ഉത്തരവ്. നിലവില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പട്ടികയില്‍ ഉള്ള അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് ആ പരിധിയില്‍ മാത്രമേ കാട്ടുപന്നിയെ വെടിവെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനുപകരം സംസ്ഥാനത്തില്‍ എവിടെ വേണമെങ്കിലും അംഗീകൃത ഷൂട്ടര്‍ ആണെങ്കില്‍ കാട്ടുപന്നിയെ വെടിവയ്ക്കാം എന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിനാശവും മനുഷ്യര്‍ക്കുള്ള ഭീഷണിയും വര്‍ധിച്ചതോടെ കാട്ടുപന്നി നിയന്ത്രണത്തിന് പ്രത്യേക നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ഉത്തരവ് നല്‍കാം. പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, കോര്‍പറേഷന്‍ മേയര്‍മാര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായും ബന്ധപ്പെട്ട സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്.

അതേസമയം, നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ കാട്ടുപന്നിയെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *