
കണ്ണൂര്‍:ഡിസംബര്‍ 11 ന് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ 15 വരെ എക്‌സൈസ് വകുപ്പ് ജില്ലയില്‍
സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. കൂട്ടുപുഴ, മാഹി എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും ബോര്‍ഡര്‍ പെട്രോളിംഗ് ശക്തമാക്കിയതായി ജില്ലാതല ജനകീയ സമിതി അവലോകന യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്‌കുമാര്‍ അറിയിച്ചു.യോഗത്തില്‍ എഡിഎം കലാ ഭാസ്‌കര്‍ അധ്യക്ഷയായി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം രൂപീകരിച്ചിട്ടുണ്ട്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും സ്‌ട്രൈക്കിങ് ഫോഴ്‌സുകളും പ്രവര്‍ത്തിക്കും. കൂടാതെ വനംവകുപ്പ്, പോലീസ് സേന എന്നിവയുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകളും നടത്തും. തീരപ്രദേശങ്ങള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. നവംബര്‍ 15 നാണ് സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്.
എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ സമിതികള്‍ വിളിച്ചു ചേര്‍ക്കുകയും വാര്‍ഡുതല കമ്മറ്റികള്‍ രൂപീകരിച്ച് യോഗം ചേരുകയും ചെയ്യും. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നേര്‍ക്കൂട്ടം, ശ്രദ്ധ തുടങ്ങിയ ബോധവത്കരണ പരിപാടികളും വിമുക്തി പ്രവര്‍ത്തനങ്ങളും തുടരും.
പരിശോധന കര്‍ശനമാക്കി; പിടികൂടിയത് 11055 ലിറ്റര്‍ സ്പിരിറ്റ്
ജില്ലയില്‍ കഴിഞ്ഞ ആഗസ്റ്റ് 27ന് ശേഷം ഇതുവരെ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് 11055 ലിറ്റര്‍ സ്പിരിറ്റ്. കൂടാതെ 3485 ലിറ്റര്‍ വാഷ്, 1092.960 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 121.250 ലിറ്റര്‍ ചാരായം, 245.750 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 73.500 ലിറ്റര്‍ ബിയര്‍, 20.400 ലിറ്റര്‍ കള്ള്, 37.500 ലിറ്റര്‍ വ്യാജമദ്യം എന്നിവയും പിടികൂടി.
കൂടാതെ 24.773 കിലോ ഗ്രാം കഞ്ചാവ് പിടിച്ചു. രാസലഹരികളായ എം.ഡി.എം.എ 27.521 ഗ്രാം, മെത്താംഫിറ്റമിന്‍ 59.522 ഗ്രാം, ലഹരി ഗുളികകള്‍ 59.522 ഗ്രാം എന്നിങ്ങനെയും പിടികൂടി.
432 അബ്കാരി കേസുകളിലായി 354 പ്രതികളെ പിടികൂടി. ജില്ലയിലാകെ 2775 റെയ്ഡുകളാണ് നടത്തിയത്. 36784 വാഹന പരിശോധനകളും സ്‌കൂള്‍ പരിസരങ്ങളിലായി 1041 പരിശോധനകളും നടത്തി. അബ്കാരി കേസുകളിലായി 19 വാഹനങ്ങളും എന്‍ഡിപിഎസ് കേസുകളിലായി ഒന്‍പത് വാഹനങ്ങളും പിടികൂടി. 14 ലക്ഷം രൂപയുടെ കുഴല്‍പ്പണവും പിടിച്ചു.
യോഗത്തില്‍ അസി. എക്സൈസ് കമ്മീഷണര്‍ സജിത്ത് കുമാര്‍, വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഡി. അരുണ്‍, പോലീസ്, വനം, വിദ്യാഭ്യാസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.














