
ഗവര്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് നാളെ മുതല് ലോക്ഭവന് എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളില് രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു. രാജ്യത്തെ എല്ലാ രാജഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നര്ത്ഥം വരുന്ന ലോക് ഭവന് എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
ഗവര്ണര് രാജേന്ദ്ര അര്ലേക്കര് മടങ്ങിയെത്തിയ ശേഷം നാളെ വിജ്ഞാപനം ഇറക്കും. ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവന് കേരള എന്നാകും. ബ്രിട്ടീഷ് കൊളോണിയല് പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവന് എന്ന പേരുമാറ്റുന്നത്. 2024-ല് രാഷ്ട്രപതിയുടെ സാന്നിധ്യത്തില് ചേര്ന്ന ഗവര്ണര്മാരുടെ സമ്മേളനത്തില് കേരള ഗവര്ണര് രാജേന്ദ്ര ആര്ലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവന് എന്നാക്കണമെന്ന് നിര്ദേശിച്ചത്.
രാജ്ഭവന്റെ പേരുമാറ്റി അസം ഗവര്ണര് ലക്ഷ്മണ്പ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാള് ഗവര്ണര് സി.വി.ആനന്ദബോസ് ഇന്നലെയും വിജ്ഞാപനമിറക്കിയിരുന്നു. ഡല്ഹിയിലടക്കമുള്ള ലഫ്റ്റനന്റ് ഗവര്ണര്മാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേര് ‘ലോക്നിവാസ്’ എന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്.














