Hivision Channel

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം

വിമാന നിരക്ക് വര്‍ധനയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.

സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

ഇന്‍ഡിഗോയിലെ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡല്‍ഹി -തിരുവനന്തപുരം നിരക്ക്. ആയിരത്തോളം സര്‍വീസുകള്‍ ഇന്നും മുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. DGCA ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഈ മാസം 15ഓടെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *