Hivision Channel

മാതൃകാ പെരുമാറ്റച്ചട്ടം; ജില്ലയില്‍ 7128 പ്രചാരണ സാമഗ്രികള്‍ നീക്കി

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനുള്ള ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് വെള്ളിയാഴ്ച വരെ, പൊതുസ്ഥലത്ത് സ്ഥാപിച്ച 7128 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പോസ്റ്ററുകള്‍, ബാനറുകള്‍, മറ്റുള്ളവ എന്നിവയാണ് നീക്കിയത്. സ്വകാര്യ സ്ഥലത്തുനിന്ന് ഒരു ബാനറും നീക്കി.

മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളിലും വളപ്പിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കും.
നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *