
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ ഡിസംബര്‍ 28 മുതല്‍ 30 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസര്‍ ആര്‍ രാജേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 28 ന് വൈകീട്ട് അഞ്ചു മണിക്ക് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കലക്ടറേറ്റ് മൈതാനിയിലെ പ്രധാന വേദിയില്‍ ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകും. ജില്ലയിലെ എം എല്‍ എമാര്‍, എം പിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിക്കും.
സമാപന സമ്മേളനം ഡിസംബര്‍ 30ന് വൈകീട്ട് നാല് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകും.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ലധികം വിദ്യാര്‍ഥികള്‍ കലാമേളയില്‍ പങ്കെടുക്കും. കലക്ടറേറ്റ് ഗ്രൗണ്ട്, മുനിസിപ്പല്‍ ഹൈസ്‌കൂള്‍, മഹാത്മാ മന്ദിരം എന്നിവിടങ്ങളില്‍ നാല് വേദികളിലായാണ് മത്സരം. പട്ടികവര്‍ഗ സമൂഹത്തിലെ പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും ഈ കലാമേളയുടെ പ്രത്യേകതയാണ്. ലളിതഗാനം, പ്രസംഗ മത്സരം, ഉപന്യാസം, നാടോടി നൃത്തം, കവിതാപാരായണം, ജലച്ചായം, പെന്‍സില്‍ ഡ്രോയിംഗ്, സംഘനൃത്തം, സംഘഗാനം, മോണോആക്ട്, മിമിക്രി, കഥാരചന, കവിതാരചന എന്നിങ്ങനെ 31 മത്സര ഇനങ്ങളാണുള്ളത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയിലുള്ള കലാമേളയില്‍ വിജയികളാകുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. 2013 മുതലാണ് കലാമേള സംഘടിപ്പിച്ചു തുടങ്ങിയത്.














