Hivision Channel

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ തെങ്കാശിയില്‍ പിടിയില്‍

തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്. വിയ്യൂര്‍ ജയിലിലേക്ക് ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു പൊലീസ്.

ഇതിനിടെയ ബാലമുരുകന്‍ തെങ്കാശിയില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബാലമുരുകന്‍ ഭാര്യയെ കാണാന്‍ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ബാലമുരുകന്‍. ഇതിനിടെ ബാലമുരുകനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബാലമുരുകന്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

എന്നാല്‍ ബാലമുരുകന്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ അപ്രതീക്ഷിതമായി വാഹന പരിശോധനയ്ക്കിടെ ബാലമുരുകന്‍ പിടിയിലാവുകയായിരുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് എത്തിക്കും. തെങ്കാശി സ്വദേശിയാണ് ബാലമുരുകന്‍. കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. നവംബറില്‍ ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്‌നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടല്‍.

Leave a Comment

Your email address will not be published. Required fields are marked *