
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും
തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ 152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനമായെന്നും മന്ത്രി അറിയിച്ചു.














