തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷയേകി കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘കണക്റ്റ് ടു സക്സസ്’. അഭ്യസ്തവിദ്യര്‍ക്ക് ജോലി ഉറപ്പാക്കാന്‍ പഞ്ചായത്ത് ആരംഭിച്ച പി എസ് സി പരിശീലന കേന്ദ്രമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാനുള്ള വഴി തുറക്കുന്നത്.
യുവ തലമുറക്ക് മികച്ച ജോലി ലഭിക്കാന്‍ സഹായിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിനായാണ് കതിരൂര്‍ ടൗണില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. തൊഴിലന്വേഷകരുടെ കൂട്ടായ്മ സജീവമാക്കി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഞായര്‍, ചൊവ്വ ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് പരിശീലനം. രാവിലെ പത്ത് മുതല്‍ ഒരു മണി വരെയാണ് ക്ലാസ്. നിലവില്‍ അന്‍പതോളം പേര്‍ പരിശീലനം നേടുന്നുണ്ട്. പി എസ് സിയുടെ പുതിയ രീതി അനുസരിച്ച് ഓരോ വിഭാഗത്തിനും പ്രാഥമിക പരീക്ഷയ്ക്ക് ആവശ്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്ലാസെടുക്കുന്നത്. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ പ്രഗത്ഭരുടെ ക്ലാസുകളും മറ്റ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പ്രയാസമുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ ഉച്ചക്ക് ശേഷം മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂട്ടായ പഠനം നടക്കും. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റംസീനയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80,000 രൂപ പഞ്ചായത്ത് കേന്ദ്രത്തിനായി മാറ്റിവെച്ചിരുന്നു. അതിനാല്‍ പഠിതാക്കളില്‍ നിന്നും മാസത്തില്‍ 500 രൂപ മാത്രമാണ് ഈടാക്കുന്നത്. വന്‍ തുക ഫീസായി വാങ്ങുന്ന സ്വകാര്യ കേന്ദ്രങ്ങളില്‍ പരിശീലനത്തിന് പോകാന്‍ സാധിക്കാത്തവര്‍ക്ക് പഞ്ചായത്തിന്റെ ഈ ഉദ്യമം ആശ്വാസമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ പറഞ്ഞു. പ്രവേശനത്തിന് ഫോണ്‍ : 9656597281