വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താനും പുതിയ ആശയങ്ങള്‍ കണ്ടെത്തി ഗവേഷണം നടത്താനും അവസരമൊരുക്കി സമഗ്ര ശിക്ഷ കേരള (എസ് എസ് കെ)യുടെ ശാസ്ത്രപഥം പദ്ധതി. ‘ശാസ്ത്രപഥം’, കെ ഡിസ്‌കിന്റെ ‘യങ്ങ് ഇന്നവേറ്റേഴ്സ്’ എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് എസ് എസ് കെ ശാസ്ത്രപഥം വൈ ഐ പി നടപ്പാക്കുന്നത്.
എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതില്‍ ഉറപ്പാക്കും. പദ്ധതിയില്‍ കുട്ടികള്‍ക്ക് 22 വിഷയങ്ങളാണ് നല്‍കുക. ഇതില്‍ നിന്നും താല്‍പര്യമുള്ളവ തിരഞ്ഞെടുത്ത് ഗവേഷണം നടത്താം. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങള്‍ കുട്ടികളുടെ ഗവേഷണ പ്രൊജക്ടുകള്‍ക്ക് വേണ്ട സാങ്കേതിക, സാമ്പത്തിക സഹായം നല്‍കാനും മെന്റര്‍മാരാകാനും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. മൂന്നു വര്‍ഷം വരെയുള്ള തുടര്‍ പ്രവര്‍ത്തനവും സഹായവുമാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുക. പൊതു വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇതില്‍ ഒറ്റയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്നുള്ള ഗ്രൂപ്പുകള്‍ക്കാണ് തീം അപ് ലോഡ് ചെയ്യാനാകുക. സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 20നകം പൂര്‍ത്തിയാക്കും. മികച്ച പ്രൊജക്ട് സമര്‍പ്പിക്കുന്ന ഗ്രൂപ്പിന് ഉപജില്ലാതലത്തില്‍ ദ്വിദിന ഓറിയന്റേഷന്‍ നല്‍കും. പിന്നീട് ജില്ലാ, സംസ്ഥാന തലത്തില്‍ വിവിധ പരിശീലനങ്ങള്‍ നല്‍കും. ചുറ്റുമുള്ള പ്രശ്നങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും തുടര്‍ ഗവേഷണം നടത്തി പുതിയ ആശയങ്ങളില്‍ എത്തിച്ചേരാനും കുട്ടികള്‍ക്ക് ഇതിലൂടെ സാധിക്കും. ഇതിനായി സ്‌കൂള്‍ തലത്തില്‍ ശാസ്ത്രരംഗം കോ ഓര്‍ഡിനേറ്റര്‍, ഐ ടി കോ ഓര്‍ഡിനേറ്റര്‍, ഹയര്‍സെക്കണ്ടറിയില്‍ തെരഞ്ഞെടുത്ത ഒരു അധ്യാപകന്‍ എന്നിവര്‍ ഫെസിലിറ്റേറ്റര്‍മാരായി പ്രവര്‍ത്തിക്കും.
ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള സംഘടിപ്പിച്ച വൈ ഐ പി ശാസ്ത്രപഥം ജില്ലാതല ഏകദിന ശില്‍പശാല ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡി പി ഒ ടി പി അശോകന്‍, ശാസ്ത്ര രംഗം ജില്ലാ കണ്‍വീനര്‍ കെ പി വിനോദ് കുമാര്‍, പയ്യന്നൂര്‍ ബി പി സി കെ സി പ്രകാശ്, ബി ആര്‍ സി ട്രെയിനര്‍ വൈ പ്രദീപ്, കെ ഡിസ്‌ക് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജീന്‍ഷ രാജീവ് എന്നിവര്‍ പങ്കെടുത്തു.