Hivision Channel

മികച്ച വനിത എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാന്‍ ഷീ

തൊഴില്‍ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിത എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാന്‍ സ്‌കീം ഫോര്‍ ഹെര്‍ എംപവര്‍മെന്റ് (ഷീ) പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും.
സംതൃപ്ത വ്യക്തിത്വമുള്ള വനിത എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാന്‍ കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ 2019ല്‍ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, യുകെ-ഇന്ത്യ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തില്‍ നിര്‍ദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് കോളേജില്‍ ഇത് നടപ്പാക്കിയത്. പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നേതൃപാടവം ആര്‍ജിക്കാനും പ്രാപ്തരാക്കുക എന്നിവയും ഷീയുടെ ലക്ഷ്യമാണ്.
പദ്ധതി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്‌നിക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഷീയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഉദ്ഘാടന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി പി ബൈജു ബായി പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *