Hivision Channel

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്:മൂന്നാംഘട്ടത്തിന് തുടക്കം

കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ മൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. കണ്ണൂരില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി ഷാഹിദക്ക് വാക്സിന്‍ കിറ്റ് നല്‍കി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ എട്ട് വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലാണ് വാക്സിനേറ്റര്‍മാര്‍ വീടുകളിലെത്തി കുത്തിവെപ്പ് നടത്തുക. നാലു മാസത്തിന് മുകളില്‍ പ്രായമുള്ള മൃഗങ്ങള്‍ക്കാണ് കുത്തിവെപ്പ്. ജില്ലയിലെ 91706 പശുക്കളെയും 2449 എരുമ/പോത്തുകളെയും കുത്തിവെപ്പിന് വിധേയമാക്കും. ഇതിനായി കര്‍ഷകരില്‍ നിന്ന് ഫീസ് ഈടാക്കില്ല. കുത്തിവെപ്പ് എടുത്താല്‍ പനി, പാല്‍ കുറയുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ ലൈസന്‍സുകള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിര്‍ബന്ധമാണ്. കുത്തിവെപ്പ് കാരണം അപകടങ്ങള്‍ സംഭവിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. കുത്തിവെപ്പിന് അനുവദിക്കാത്ത കര്‍ഷകരുടെ വിവരങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും. 2030നകം ഇന്ത്യയെ കുളമ്പുരോഗ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാല്‍, മാംസം എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. വാക്സിനേഷനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ പദ്ധതി വിശദീകരിച്ചു. എ ഡി സി പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ സീമ, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ടി വി ജയമോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി അജിത് ബാബു, കണ്ണൂര്‍ എസ് എല്‍ ബി പി ഡെപ്യൂട്ടി ഇന്‍ചാര്‍ജ് ഡോ. എ കെ അബ്ദുള്‍ ഹക്കീം, കണ്ണൂര്‍ സഹകരണ പാല്‍ വിതരണ സംഘം പ്രസിഡണ്ട് ടി രമേശന്‍, കണ്ണൂര്‍ ആര്‍ എ എച്ച് സി അസി. പ്രൊജക്ട് ഓഫീസര്‍ ഡോ. ഒ എം അജിത, കണ്ണൂര്‍ എ ഡി സി പി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *