Hivision Channel

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖാദിയുടെ വെള്ളക്കോട്ട്

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി ഖാദിയുടെ വെള്ള കോട്ട് ധരിക്കാം. ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദരന് നല്‍കി നിര്‍വഹിച്ചു. പതിനയ്യായിരത്തിലധികം ഖാദി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് ബോര്‍ഡ് ഏറ്റെടുക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. ഖാദി പഴയ ഖാദിയല്ല, പുതിയതാണ്. പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് കാലാനുസൃതമായി നവീകരിക്കുകയാണ് ഈ മേഖല. ഖാദിയെ നിലനിര്‍ത്തുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. പാരമ്പര്യത്തിന്റെ നന്മയായ ഖാദി വസ്ത്രം ധരിക്കുന്നത് ദേശാഭിമാനപരമായ പ്രവൃത്തിയായി നാം കാണണം- പി ജയരാജന്‍ പറഞ്ഞു.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവനുസരിച്ച് ഖാദിക്ക് പിന്തുണ നല്‍കി രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും നഴ്സുമാരും ഖാദി കോട്ടുകള്‍ ധരിക്കുന്നുണ്ട്. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ചാണ് കേരളത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ഖാദി കോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കോട്ടുകള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ നിര്‍മിച്ച കോട്ടുകളാണ് വിതരണം ചെയ്തത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ.എസ് പ്രതാപ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.കെ സുദീപ്, കണ്ണൂര്‍ ഗവ. ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സജി, ഗവ. നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം കെ പ്രീത, പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത് കുമാര്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഖാദി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *