Hivision Channel

Kerala news

എ.കെ ജി ഓര്‍മ്മയായിട്ട് 46 വര്‍ഷം

കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കര്‍ഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന്‍ ഓര്‍മ്മയായിട്ട് 46 വര്‍ഷം.
ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എകെജി. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് ആയില്യത്ത് കുട്ട്യാരി ഗോപാലന്‍ എന്ന എ.കെ.ഗോപാലന്റെ ഏറ്റവും വലിയ സംഭാവന.തൊഴിലാളി സമരങ്ങള്‍ക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹവും പാലിയം സമരവും കണ്ണൂരിലെ കണ്ടോത്ത് സമരവും ആയില്യത്ത് കുട്ട്യാരി ഗോപാലന്‍ എന്ന എകെജിയുടെ സമര ജീവിതത്തിലെ തിളക്കമേറിയ ഏടുകളാണ്.

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവടുമാറ്റി. ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂര്‍ കോട്ടണ്‍മില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, കുടിയിറക്കലിനെതിരെ നടന്ന സമരങ്ങള്‍ തുടങ്ങി എവിടെയും ചൂഷിതര്‍ക്കൊപ്പം എകെജിയുണ്ടായിരുന്നു. 1936ല്‍ ദാരിദ്രത്തിനും കഷ്ടപ്പാടിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ മലബാര്‍ മുതല്‍ മദിരാശി വരെ സംഘടിപ്പിക്കപ്പെട്ട പട്ടിണി ജാഥ ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ജയിലിലായിരുന്ന എകെജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി. തുടര്‍ച്ചയായി അഞ്ച് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിനൊപ്പമായിരുന്നു.
അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ ചൈന ചാരനെന്ന് ആരോപിച്ച് എ.കെ.ജിയെ ജയിലിലടച്ചു. ഇന്ത്യയില്‍ കരുതല്‍ തടങ്കലിലായ ആദ്യ രാഷ്ട്രീയ നേതാവാണ് എ.കെ.ജി. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അമരക്കാരനായി. 1940ല്‍ ഇന്ത്യന്‍കോഫി ഹൗസ് സ്ഥാപിച്ചു.

കൂട്ടുപുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ 5 ലക്ഷം രൂപയോളം വിലമതിക്കുന്ന 100 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കണ്ണൂർ മാട്ടൂൽ മടക്കരയിലെ കളത്തിൽ പറമ്പിൽ കെ പി സലീൽ കുമാർ അറസ്റ്റിൽ . ബാംഗ്ലൂരുവിൽ നിന്ന് വരുന്നതിനിടയിലാണ് സലീൽ കുമാർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി രജിത്ത് , കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ വിവി ബിജു എന്നിവർ നടത്തിയ സംയുക്ത വാഹന പരിശോധനക്ക് ഇടയിലാണ് എം ഡി എം എ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് കുമാർ കെ പി , ഉമ്മർ കെ, പ്രിവന്റീവ് ഓഫീസർ ദിനേശൻ ഇ സി , രവി കെ എൻ , ബിജു കെ സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ , കെ കെ രാഗിൽ, ഹണി .സി , സനേഷ് കെ പി വനിത സിവിൽ എക്സൈസ് ഓഫീസർ ശിൽപ വന്നിവരും ഉണ്ടായിരുന്നു.

മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിട്ടി: നിയമസഭയില്‍ വനിത വാച്ചആന്‍ഡ് വാര്‍ഡുമാര്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി എം സൗദാമിനി, ഉഷാ മധു, എന്‍ ടി റോസമ്മ, കെ ശ്രീലത, പി രജനി, പി.വി രമാവതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏപ്രില്‍ മുതല്‍ സെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥര്‍ ജോലിയില്‍ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാര്‍ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് തടയാനാണ് ആക്‌സസ് കണ്‍ട്രോള്‍ കൊണ്ടു വരുന്നത്.

ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കൈവശമുള്ള ആക്‌സസ് കാര്‍ഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ. ഓരോ ഉദ്യോഗസ്ഥനും നല്‍കുന്നത് വ്യത്യസ്ത കാര്‍ഡായതിനാല്‍ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.

ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും

ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും . പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഇത്തരം ഇടപെടലുകളിലൂടെ കാര്യമായ ഫലമുണ്ടായതായി കലക്ടര്‍ വ്യക്തമാക്കി. ഇത്തവണത്തെ മഴക്കാലപൂര്‍വ്വ ശുചീകരണ കാമ്പയിന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരം കൃത്യമായ സമയക്രമ പട്ടിക അനുസരിച്ചാണ് നടത്തുതെന്ന പ്രത്യേകതയുമുണ്ട്്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും ഉള്‍പ്പെടെ ഒഴിവാക്കുക, മാലിന്യങ്ങളും ചപ്പ് ചവറുകളും കടലാസുകളും കത്തിക്കുന്നത് ഒഴിവാക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുക, മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കുക, തുടങ്ങിയ ഹരിത പെരുമാറ്റ രീതികളും മഹല്ലുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സംഘടനാ നേതാക്കള്‍ ഉറപ്പ് നല്‍കി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങള്‍ ശുചീകരിക്കുന്ന ക്യാമ്പയിനുകള്‍ ഏറ്റെടുക്കാമെന്നും സംഘടനാ നേതാക്കള്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിനിധികള്‍ ചുഴലി മുഹയ്ദീന് ബാഖവി, എ ടി കെ ദാരിമി, കേരള നദുവത്തുല്‍ മുജാഹിദി പ്രതിനിധികള്‍ എ അബ്ദുല്‍ സത്താര്‍, കെ നിസാമുദീന്‍, കേരള മുസ്ലിം ജമാ അത്ത് പ്രതിനിധി ഹമീദ് ചൊവ്വ, ജമാ അത്ത ഇസ്ലാമി പ്രതിനിധി സി കെ അബ്ദുല്‍ ജബ്ബാര്‍, അഹമ്മദീയ മുസ്ലിം ജമാ അത്ത് പ്രതിനിധി സി നസറുദീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വയോജന കലാമേള

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന കലാമേള ശിക്ഷക് സദനില്‍ ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന അംഗങ്ങളായ വിജയന്‍ മാസ്റ്റര്‍, തമ്പാന്‍ മാസ്റ്റര്‍, കൊങ്കി രവീന്ദ്രന്‍, എം രാഘവന്‍ എന്നിവര്‍ ചേര്‍ന്നി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ.കെ സരള ,അഡ്വ.കെ കെ രത്‌നകുമാരി, യു പി ശോഭ, ജില്ലാ വയോജന കൗണ്‍സിലംഗം ടി ഭരതന്‍, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍, സീനിയര്‍ സിറ്റിസണ്‍സ് ഫോറം’ ജില്ലാ സെക്രട്ടറി സി കെ രഘുനാഥന്‍ നമ്പ്യാര്‍ ,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം അഞ്ജു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതിക്ക് സഹായം നല്‍കാമെന്ന് ലോകബാങ്ക്

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഊര്‍ജിതമാക്കും. ഇതിന് സഹായം നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ ഉടന്‍ നടത്താന്‍ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.

ശാന്തിഗിരി കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂളില്‍ പഠനോത്സവം

കേളകം: ശാന്തിഗിരി കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.എ ലിസി ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍ സോജന്‍ അധ്യക്ഷത വഹിച്ചു. ലിഹ എലിസബത്ത്, എയ്ഞ്ചല്‍ റോസ്, അജല്‍ ദീപു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പേപ്പര്‍ ക്രഫ്റ്റ്, ബോട്ടില്‍ ആര്‍ട്ട്, പുരാവസ്തുക്കള്‍, നാണയങ്ങള്‍, സ്റ്റാമ്പ്, ഔഷധ സസ്യങ്ങള്‍, വിത്തുകള്‍, വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍, നാടന്‍ പാനീയങ്ങള്‍, ചിത്രങ്ങള്‍, സ്‌കൂള്‍ പ്രവര്‍ത്തനം ഫോട്ടോസ് മുതലായവ പ്രദര്‍ശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പഠന മികവുകളുടെ പ്രദര്‍ശനവും നടന്നു.

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്‌പെ ഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാന്‍ കൈക്കൂലി നല്‍കിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണന്‍ കൈമാറി. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നട ത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.

കാവുംമ്പടി മുരിക്കില്‍ റോഡ് ഉദ്ഘാടനം

തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്ത് നവീകരിച്ച കാവുംമ്പടി മുരിക്കില്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കുമാരന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, വാര്‍ഡ് മെമ്പര്‍ നസീമ, തൊഴിലുറപ്പ് മേറ്റ് സുധാമണി, അലി എന്നിവര്‍ സംസാരിച്ചു.