Hivision Channel

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് ഒരുക്കി വയനാട്

ഇന്ന് എത്ര മഴപെയ്തു, എത്ര മഴപെയ്യും… ഈ ആഴ്ചയിലോ? വയനാട്ടിലിരുന്നാണ് ഇതത്രയും ചിന്തിക്കുന്നതെങ്കില്‍ ഉത്തരംകിട്ടാന്‍ എളുപ്പമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ‘ഡി.എം. സ്യൂട്ട്’ എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പോ തുറന്നാല്‍ മതി. ഓരോ പഞ്ചായത്തിലും പെയ്ത മഴയുടെ വിശദാംശങ്ങള്‍ മാപ്പും മറ്റു സചിത്രവിവരങ്ങളും സഹിതമുണ്ടാകും.

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കളക്ടറേറ്റിലുള്‍പ്പെടെ വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ച ഇരുനൂറിലധികം മഴമാപിനികളിലൂടെ ദൈനംദിനം ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്, അപഗ്രഥിച്ച് വിദഗ്ധരുടെ സഹായത്തോടെയാണ് വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും വിവരങ്ങള്‍ നല്‍കുന്നത്.

ജില്ലയുടെ വ്യത്യസ്ത ഭൂഘടനയനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാസ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകള്‍ നല്‍കാനാകും. മഴമാപിനികള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴമാപ്പ് ക്രമീകരിക്കാനാകും.

ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് ചുവപ്പ്, ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാനും സാധിക്കും. 600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബലപ്രദേശമായി കണക്കാക്കും.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

വെബ്സൈറ്റ്: www.dmsuite.kerala.gov.in

Leave a Comment

Your email address will not be published. Required fields are marked *