Hivision Channel

latest news

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ടിവികെ അധ്യക്ഷനും സൂപ്പര്‍ താരവുമായ സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നല്‍കിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവര്‍ത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീര്‍ത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീര്‍ത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീര്‍ത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎല്‍എയും കൂടിയാണ്.

ഇന്ന് മാതൃദിനം

ഇന്ന് മാതൃദിനം. 1905-ല്‍ അന്തരിച്ച തന്റെ അമ്മയുടെ സ്മരണാര്‍ത്ഥം അമേരിക്കക്കാരിയായ അന്ന ജാര്‍വിസ് ആരംഭിച്ച പ്രചാരണമാണ് മാതൃദിനത്തിന്റെ പിറവിയിലേക്ക് നയിച്ചത്. തുടര്‍ന്ന് 1914-ല്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഔദ്യോഗികമായി മാതൃദിനമായി പ്രഖ്യാപിക്കുകയായിരുന്നു.

സ്‌നേഹത്തിന്റെ അനന്തസാഗരമാണ് അമ്മ. ദൈവത്തിന് എല്ലായിടത്തും എത്താന്‍ കഴിയാത്തതുകൊണ്ടാണ് ദൈവം അമ്മമാരെ സൃഷ്ടിച്ചതെന്നാണ് പറയാറ്. അമ്മ മനസ്സിന് പകരം വയ്ക്കാനൊന്നുമില്ല. എന്നാല്‍ കുടുംബത്തിന്റെ സന്തോഷത്തിനായി സ്വയം ഹോമിക്കുന്ന അമ്മമാരുടെ വാഴ്ത്തുപാട്ടുകളിലേക്ക് അമ്മമാരെ ചുരുക്കിക്കാണരുത്. സമത്വത്തിന്റെ പുതിയ ലോകത്ത് മാതൃത്വമെന്നത് ത്യാഗത്തിന്റെയോ സഹനത്തിന്റെയോ പ്രതീകമായി മാത്രം കാണേണ്ട ഒന്നല്ല. അടിച്ചമര്‍ത്തലിന് ആക്കം കൂട്ടുന്ന പദാവലികളില്‍ നിന്നും മാതൃത്വം മോചിപ്പിക്കപ്പെട്ടു കഴിഞ്ഞു.

മക്കളുടെ ചേര്‍ത്തുപിടിക്കലുകളും സ്‌നേഹം നിറഞ്ഞ വാക്കുകളുമാണ് ഏതൊരു അമ്മയും ആഗ്രഹിക്കുക. തിരക്കുപിടിച്ച ലോകത്തിന്റെ വേഗതയില്‍ നാം എപ്പോഴെങ്കിലും ആ കൈകള്‍ പിടിക്കാന്‍ മറന്നുപോയിട്ടുണ്ടെങ്കില്‍, ഈ മാതൃദിനം ഒരു തിരിച്ചറിവാകട്ടെ. വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ചയില്‍ അമ്മ തനിച്ചാകരുതെന്ന് നമുക്ക് ഉറപ്പിക്കാം.

കൊട്ടിയൂര്‍ തീര്‍ത്ഥാടനം സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം;കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി

ധര്‍മ്മടം: മലബാറിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ അക്കരെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 28 ന് ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ചുരുങ്ങിയ ദിവസങ്ങളില്‍ കൊട്ടിയൂര്‍ എത്തിയത്. ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയോര ഗ്രാമമാണ് കൊട്ടിയൂര്‍. രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് ഗതാഗതക്കുരുക്കിലകപ്പെട്ട ദാരുണമായ ഒരു ജീവഹാനി കഴിഞ്ഞ തീര്‍ത്ഥാടന കാലയളവില്‍ സംഭവിച്ചിരുന്നു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലം സമാഗതമായിരിക്കെ സുഗമവും അപായരഹിതവുമായ തീര്‍ത്ഥാടന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി പ്രമേയത്തിലൂടെആവശ്യപ്പെട്ടു. പ്രസിഡണ്ട്
കാനപ്രം ഈശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സിക്രട്ടറി പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ പ്രമേയം അവതരിപ്പിച്ചു. അനില്‍ തിരുവങ്ങാട്
,ഷാജി കരിപ്പത്ത്, പ്രകാശന്‍ മേലൂര്‍, ഗിരീഷ് പണിക്കര്‍, രഞ്ചന്‍ കയനാടത്ത് ,വികാസ് നരോണ്‍
എന്നിവര്‍ സംസാരിച്ചു

ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്

ഇരിട്ടി:ഉളിയില്‍ പടിക്കച്ചാല്‍ സ്‌കൂളിന് സമീപത്തെ ബിന്ദു സനലിനാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ഇവര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വര നാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. വലിയ ആരവത്തോടെയാണ് ബംഗാള്‍ ജനത സുവേന്ദുവിനെ വരവേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.

ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മൂന്ന് നേതാക്കള്‍ക്കുമായി ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി വി ഡി സതീശന്‍. ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി വിജയിച്ച് നില്‍ക്കുന്ന ഈ സമയം സന്തോഷത്തിന്റേയും അഭിമാനത്തിന്റേയുമാണെന്ന് വി ഡി സതീശന്‍ ഓര്‍മിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തെരുവില്‍ പ്രകടനം നടത്തുന്നത്. രാഹുല്‍ ഗാന്ധിയും കെപിസിസിയും ഉള്‍പ്പെടെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും തെരുവില്‍ ഇപ്പോഴും പ്രകടനങ്ങള്‍ തുടരുകയാണ്.

കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാണ് താന്‍ എത്തിയതെന്ന് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണത്തുടര്‍ച്ചയെ സംബന്ധിച്ച കാര്യങ്ങളില്‍ ഇനി ഒന്നും പറയാനില്ല. പത്തുവര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസും ഇതുപോലെ പോകേണ്ടിവരും. അക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവിലും രാജിവച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. ഇമെയില്‍ വഴിയാണ് രാജി സമര്‍പ്പിച്ചത്.

പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍

മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും പറഞ്ഞു.

ആ ചിത്രത്തിലേത് യഥാര്‍ഥ വിവരമല്ല. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങള്‍ അല്ല അതില്‍ പ്രതിഫലിക്കുന്നത്. തെറ്റായ പട്ടികയാണ്. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഒറ്റ വരി പ്രമേയം പാസാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭാ കക്ഷി നേതാവിനെ(മുഖ്യമന്ത്രി ) തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചു എന്ന് നിരീക്ഷകര്‍ പറഞ്ഞു. എംഎല്‍എമാരുടെ പിന്തുണ, ഘടക കക്ഷികളുടെ നിലപാട്, ജനവികാരം എന്നിവയാണ് പരിഗണിച്ചത്. മൂന്ന് നേതാക്കളുമായി നേതൃത്വം ഇന്ന് ഫോണില്‍ സംസാരിക്കും എന്നും സൂചനയുണ്ട്. നാളെ ഡല്‍ഹിക്ക് വിളിപ്പിക്കും. ഞായറാഴ്ച പ്രഖ്യാപനം നടത്തും.

മുന്‍ ഡിജിപി ഡോ.പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 ബാച്ചിലെ ഉദ്യോഗസ്ഥന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍നാണ് വിടവാങ്ങുന്നത്. സംസ്‌കാരം പിന്നീട് നടക്കും.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്

എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്. കാസര്‍ഗോഡ് സ്വദേശി നജീബ് ആണ് റാക്കറ്റിനെ നിയന്ത്രിച്ചത്. നജീബ് ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂന്നുവര്‍ഷമായി പ്രതികള്‍ വ്യാജരേഖ ചമയ്ക്കുന്നെന്നാണ് കണ്ടെത്തല്‍.

എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശിപാര്‍ശ കത്ത് തയാറാക്കിയായിരുന്നു തട്ടിപ്പ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും സീലും ഒപ്പും വച്ചുള്ള ലെറ്റര്‍പാഡുകളും റെയ്ഡില്‍ കണ്ടെത്തി. പള്ളിക്കരയിലെ സണ്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കണ്ടെത്തിയത്.

കേസിലെ രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയും അല്ലാതെയും ഈ പ്രതികള്‍ക്ക് നജീബ് ആണ് പണം നല്‍കിയിരുന്നത്. നജീബ് നല്‍കിയ പേപ്പറുകള്‍ പ്രിന്റ് എടുത്ത് നല്‍ക്കുകയാണ് ഇവര്‍ ചെയ്തത്. ആദ്യം മാറ്റര്‍ അയക്കും അത് കോപ്പി എടുത്ത് തിരിച്ച് അയക്കുകയാണ് ചെയ്യുക.

കേസില്‍ എറണാകുളം റൂറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിക്കരയിലെ കമ്പ്യൂട്ടര്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു.