Hivision Channel

latest news

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴിയെകെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സര്‍ക്കാര്‍ കെട്ടിടവും കണ്ണൂരിലും കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും വീടുകള്‍ തകര്‍ന്നു. ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.

എറണാകുളം പറവൂരിലെ മുന്‍ സബ്ട്രഷറി കെട്ടിടമാണ് തകര്‍ന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍ നിന്ന് ട്രഷറിയുടെ പ്രവര്‍ത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു.ചക്കരക്കല്ലില്‍ മഴയില്‍ വീട് തകര്‍ന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകര്‍ന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാല്‍ ദുരന്തം ഒഴിവായി.

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പോക്‌സോ കേസിലെ പരാമര്‍ശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നല്‍കിയത്. എംവി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി.

കോളയാട് പെരുവയില്‍ തകര്‍ന്ന വീടിന്റെ ഉടമസ്ഥന് ധനസഹായം പ്രഖ്യാപിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി

കോളയാട്: പെരുവയില്‍ കനത്ത മഴയില്‍ തകര്‍ന്ന വീടിന്റെ ഉടമസ്ഥന് ധനസഹായം പ്രഖ്യാപിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.കോളയാട് പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡ് പെരുവ ചന്ദ്രോത്ത് കെഎസ്ഇബി ജീവനക്കാരനായ സി ബാബുവിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീടാണ് ഞായറാഴ്ച പുലര്‍ച്ചെ പൂര്‍ണ്ണമായും നിലം പതിച്ചത് . 2600 അടി വിസ്തീര്‍ണ്ണം ഉള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനം ഒന്നര വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.ഗവണ്‍മെന്റ് ഈ വിഷയത്തില്‍ പ്രത്യേക പ്രാധാന്യം കല്‍പ്പിച്ച് അദ്ദേഹത്തിന് സഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ല കുറിച്യമുന്നേറ്റ സമിതി ഭാരവാഹികളായ പ്രസിഡണ്ട് സി സതീശന്‍, സെക്രട്ടറി എം ബിജേഷ്, വൈസ് പ്രസിഡണ്ട് സി. സജീവന്‍, എന്‍. സുഷാന്ത്, പി.പവിത്രന്‍, കെ വിജേഷ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മൂന്നാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍

7 വയസ്സുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്നിലാണ് സംഭവം. ഗവ എല്‍ പി എസിലെ അധ്യാപകന്‍ ബിനുവിനെ ആറന്മുള പൊലീസാണ് അറസ്റ്റു ചെയ്തത്. കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റന്ന പരാതിയുമായി അമ്മയാണ് പൊലീസിനെ സമീപിച്ചത്. കുട്ടിയുടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2 കുട്ടികള്‍ മാത്രമുളള മൂന്നാം ക്ലാസില്‍ ഇന്നലെ ഒരു കുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കണക്കുകള്‍ കുട്ടി ചെയ്യാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് വിശദീകരണം തേടി.

ഇന്നലെയാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. ജുവനൈല്‍ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.

ജില്ലയിലെ 43 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ ഒഴിവ്

കണ്ണൂര്‍ ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ 43 സ്ഥലങ്ങളിലേക്ക് അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെന്‍ട്രല്‍ പൊയിലൂര്‍, മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിലേരി, പയ്യന്നൂര്‍ നഗരസഭയിലെ തായിനേരി(എസ്എബിടിഎം സ്‌കൂള്‍), മുതിയലം, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ ജാതിക്കൂട്ടം, ഈസ്റ്റ് ചെണ്ടയാട്, കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആദികടലായി, വാരം, കുറ്റിക്കകം, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിലെ മാങ്കടവ്, കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിലെ മടപ്പുരച്ചാല്‍, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ ഐച്ചേരി, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി ആര്‍ സി വായനശാല (ഇരിണാവ്), ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പേരട്ട, മുണ്ടാനൂര്‍, മണിപ്പാറ, പേരാവൂര്‍ ഗ്രാമ പഞ്ചായത്തിലെ മണത്തണ, വെള്ളര്‍വള്ളി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പൂക്കോട്, ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ മണ്ടൂര്‍, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ കൊവ്വപ്പുറം, ആന്തൂര്‍ മുനിസിലപ്പാലിറ്റിയിലെ കോള്‍മൊട്ട, ഒഴക്രോം, ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ കൊയ്യം, കുളത്തൂര്‍, കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ മൊട്ടമ്മല്‍ ദേശപ്രിയ വായനശാലക്ക് സമീപം, പായം ഗ്രാമ പഞ്ചായത്തിലെ കരിയാല്‍, ഇരിട്ടി മുന്‍സിപ്പാലിറ്റിയിലെ 19ാം മൈല്‍, മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ കാനച്ചേരി ചാപ്പ, കോളയാട് ഗ്രാമ പഞ്ചായത്തിലെ എടയാര്‍, നെടുംപുറംചാല്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ പൊറക്കുന്ന്, മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ നിരന്തോട്, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കൂവോട്, രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം, പിണറായി ഗ്രാമ പഞ്ചായത്തിലെ ഉമ്മന്‍ചിറ, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പൊറോറ, വെമ്പടി, പെരിഞ്ചേരി, മണ്ണൂര്‍, കാര, ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ്, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ മാനന്തേരി സത്രം എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ജൂലൈ 26 മുതല്‍ ആഗസ്ത് 10 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയരക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി ഡി സഹിതം അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും ഡി ഡിയും ആഗസ്ത് 17ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ റബ്കോ ഭവനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ ഓഫീസ്, 5ാം നില, റബ്കോ ഭവന്‍, സൌത്ത് ബസാര്‍, കണ്ണൂര്‍, 670002) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712987

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എന്‍ ഐ എ

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എന്‍ ഐ എ. വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും എന്‍ഐഎ അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയ്യൂബെന്ന് എന്‍ഐഎ അറിയിച്ചു.

മതസമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനും യുവാക്കളെ ലഷ്‌കര്‍-ഇ-തൊയ്ബ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായിയാണ് റിപ്പോര്‍ട്ട്.

കൊല്ലത്ത് മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും;കുട്ടിയുടെ തുടര്‍ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും

കൊല്ലത്ത് മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ തുടര്‍ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കള്‍ മദ്യപിക്കുന്നതിനിടയില്‍ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്.

കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി.

രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ പിതാവ് മുരുകനെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മദ്യലഹരിയില്‍ കുട്ടിയെ വലിച്ചെറിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മുന്‍പും കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുരുകന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ്

വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണം ഏറ്റടുത്തതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴി എടുത്തിരുന്നു. അതേ സമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ച്‌നു മുകളില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. കേരളത്തില്‍ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.