Hivision Channel

Kerala news

മാലൂര്‍പ്പടി നെയ്യമൃത് സംഘം പടിയില്‍ പ്രവേശിച്ചു

മാലൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളില്‍ അക്കരെ ക്ഷേത്ര സ്വയംഭൂവില്‍ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂര്‍പ്പടി നെയ്യമൃത് സംഘം പടിയില്‍ പ്രവേശിച്ചു. ആയില്യം നാളില്‍ ക്ഷേത്രത്തില്‍ നടന്ന ഗണപതി ഹോമത്തിന് ശേഷം മേല്‍ശാന്തിയും കൊട്ടിയൂര്‍ ക്ഷേത്ര തൃക്കടാരി സ്ഥാനികനുമായ അരിങ്ങോട്ടില്ലത്ത് പ്രകാശന്‍ നമ്പൂതിരി കലശം കുളിപ്പിച്ച തോടെയാണ് വ്രതക്കാര്‍ പാടിയില്‍ പ്രവേശിച്ചത്.

ഇരിട്ടി നഗരവനം ശുചീകരിച്ചു

ഇരിട്ടി: പരിസ്ഥിതി ദിനവാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് ഇരിട്ടി നഗരവനത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ എം രാജിവന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ പി അനീഷ് കുമാര്‍ , റെയിഞ്ച് ഓഫീസര്‍ സുരേഷ് ,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനു,സുധീഷ്, പ്രസന്ന എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

കണ്ണൂര്‍:നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടാന്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
പുതിയ പാസ് ആവശ്യമുള്ള കുട്ടികളുടെ പട്ടിക ജൂണ്‍ 30നകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകണം. സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാസ് ആര്‍ ടി ഒ നല്‍കും. പ്ലസ് ടു വരെയുള്ളവര്‍ അതത് സ്ഥാപനം നല്‍കുന്ന കാര്‍ഡ് കാണിക്കണം. ആര്‍ ടി ഒ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡിന്റെ വലിപ്പം ജില്ലയില്‍ മാത്രമായി മാറ്റാന്‍ കഴിയില്ല. ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തണം. കുട്ടികളെ ക്യൂ നിര്‍ത്തി കയറ്റുന്ന രീതി പാടില്ല.
സ്‌കൂള്‍ സ്റ്റോപ്പില്‍ വൈകുന്നേരങ്ങളില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ അധ്യാപകരെ നിയോഗിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കും. കുട്ടികളെല്ലാം ഒറ്റ ബസില്‍ മാത്രമായി കയറുന്നത് നിയന്ത്രിക്കും. ചട്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 40 കിലോമീറ്ററാണ് ഇളവനുവദിക്കുക. കാര്‍ഡിന്റെ ദുരുപയോഗം തടയണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.
ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ബസ് സ്റ്റാന്റുകളിലെ പൊലീസ് എയിഡ് പോസ്റ്റുകളില്‍ പൊലീസിനെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോളേജ് വിദ്യാഭ്യാസത്തിനുള്ള പ്രായപരിധി എടുത്ത് കളഞ്ഞതായി കണ്ണൂര്‍ സര്‍വ്വകലാശാലാ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് ഡോ. ടി പി നഫീസ ബേബി യോഗത്തെ അറിയിച്ചു. സെമസ്റ്റര്‍ സമ്പ്രദായമായതിനാല്‍ അവധി ദിവസങ്ങളില്‍ പോലും ക്ലാസുകള്‍ നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അവര്‍ പറഞ്ഞു.
പാരലല്‍ കോളേജ് ഉടമാ പ്രതിനിധികള്‍, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ജില്ലയിലെ വിവിധ ബസ്സുടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പരാതികളില്‍ പരിഹാരം ലഭിച്ചില്ല;പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കി

പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു. റസാഖ് പയമ്പ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി ഇയാള്‍ തര്‍ക്കത്തില്‍ ആയിരുന്നു. വിഷയം പരിഹരിക്കാന്‍ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറി ആണ് മരിച്ചത്.

പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സിലാണ് 2.8 കോടി പുസ്തകങ്ങള്‍ അച്ചടിച്ചത്.

കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സിലാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വേണ്ട പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. മൂന്നു വാല്യങ്ങളിലായി 4.8 കോടി പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് കെബിപിഎസിന് ഇത്തവണ ഓര്‍ഡര്‍ ലഭിച്ചത്. സാധാരണയില്‍ നിന്നും രണ്ട് മാസം വൈകി കഴിഞ്ഞ ഡിസംബറിലാണ് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചതെങ്കിലും ഒന്നാം വാല്യത്തില്‍ ആവശ്യമായ 2 കോടി 80 ലക്ഷത്തില്‍പരം പാഠപുസ്തകങ്ങളുടെ അച്ചടിയും പൂര്‍ത്തിയായി. മാനേജിങ് ഡയറക്ടറായിരുന്ന ഐജി പി.വിജയന്‍ സ്ഥാനമൊഴിയും മുന്‍പ് ഒന്നാം വാല്യത്തിലെ 75% പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയായിരുന്നു. വിതരണത്തിനായി പാഠ പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി സുനില്‍ ചാക്കോ പറഞ്ഞു.

പ്രിന്റിങ്, ബൈന്‍ഡിങ്, വിതരണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ അധികസമയം ജോലി ചെയ്താണു കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. ആദ്യവോളിയം ടെക്സ്റ്റ് ബുക്കുകള്‍ക്ക് അറുപതു കോടി രൂപയാണ് ചിലവായത്.

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകും

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നിന് മുമ്പായി കാലവര്‍ഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജൂണില്‍ ചിലയിടങ്ങളില്‍ കൂടുതലും ചിലയിടങ്ങളില്‍ കുറവും മഴയയ്ക്ക് സാധ്യതയുണ്ടെന്നും ചൂട് സാധാരണ ജൂണ്‍ മാസത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു.

സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗില്‍ നിറച്ചു, കാലുകള്‍ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗില്‍ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു.

22- വയാസാണ് ഷിബിലിക്ക്, ഫര്‍ഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗുകളില്‍ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ നാല് പേരെ നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫര്‍ഹാന, ഷുക്കൂര്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി.

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടര്‍ന്നേക്കും.

ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാജ്യത്ത് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക.

നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.

യാത്രയയപ്പ് നല്‍കി

പേരാവൂര്‍: റബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക എന്നീ ആവശ്യം ഉന്നയിച്ച് എ.ഐ.കെ.എസ് നടത്തുന്ന രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പേരാവൂരില്‍ നിന്നും പോകുന്നവര്‍ക്ക് കര്‍ഷകസംഘം പേരാവൂര്‍ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ നടന്ന പരിപാടി വി.ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എ ശശീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എ രാജന്‍,വി ബാബു മാസ്റ്റര്‍, കൊമ്പന്‍ പ്രഭാകരന്‍, അഡ്വ. എം രാജന്‍, കെ എ രജീഷ് എന്നിവര്‍ പങ്കെടുത്തു.