Hivision Channel

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

കണ്ണൂര്‍:നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടാന്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
പുതിയ പാസ് ആവശ്യമുള്ള കുട്ടികളുടെ പട്ടിക ജൂണ്‍ 30നകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകണം. സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാസ് ആര്‍ ടി ഒ നല്‍കും. പ്ലസ് ടു വരെയുള്ളവര്‍ അതത് സ്ഥാപനം നല്‍കുന്ന കാര്‍ഡ് കാണിക്കണം. ആര്‍ ടി ഒ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡിന്റെ വലിപ്പം ജില്ലയില്‍ മാത്രമായി മാറ്റാന്‍ കഴിയില്ല. ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തണം. കുട്ടികളെ ക്യൂ നിര്‍ത്തി കയറ്റുന്ന രീതി പാടില്ല.
സ്‌കൂള്‍ സ്റ്റോപ്പില്‍ വൈകുന്നേരങ്ങളില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ അധ്യാപകരെ നിയോഗിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കും. കുട്ടികളെല്ലാം ഒറ്റ ബസില്‍ മാത്രമായി കയറുന്നത് നിയന്ത്രിക്കും. ചട്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 40 കിലോമീറ്ററാണ് ഇളവനുവദിക്കുക. കാര്‍ഡിന്റെ ദുരുപയോഗം തടയണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.
ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ബസ് സ്റ്റാന്റുകളിലെ പൊലീസ് എയിഡ് പോസ്റ്റുകളില്‍ പൊലീസിനെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോളേജ് വിദ്യാഭ്യാസത്തിനുള്ള പ്രായപരിധി എടുത്ത് കളഞ്ഞതായി കണ്ണൂര്‍ സര്‍വ്വകലാശാലാ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് ഡോ. ടി പി നഫീസ ബേബി യോഗത്തെ അറിയിച്ചു. സെമസ്റ്റര്‍ സമ്പ്രദായമായതിനാല്‍ അവധി ദിവസങ്ങളില്‍ പോലും ക്ലാസുകള്‍ നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അവര്‍ പറഞ്ഞു.
പാരലല്‍ കോളേജ് ഉടമാ പ്രതിനിധികള്‍, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ജില്ലയിലെ വിവിധ ബസ്സുടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *