Hivision Channel

latest news

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും അവസരം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ഒഴിവുകള്‍ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ അപേക്ഷ പുതുക്കി നല്‍കണം. വിശദ പരിശോധനകള്‍ക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹയര്‍സെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ മറ്റ് ക്വാട്ടകളിലേക്ക് മാറിയതിനെ തുടര്‍ന്നുള്ള ഒഴിവുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനാകും. ഒഴിവുകളും മറ്റ് വിവരങ്ങളും നാളെ രാവിലെ 9 മണിക്ക് പ്രവേശത്തിനുള്ള വെബ്‌സൈറ്റായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും. അതേസമയം നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ച ശേഷം ഏതെങ്കിലും കാരണവശാല്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ ആകില്ല. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക് ഈ ഘട്ടത്തില്‍ വീണ്ടും അവസരം ഉണ്ടാകും. പിഴവുകള്‍ തിരുത്തി ഇത്തരക്കാര്‍ വീണ്ടും അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് വിദ്യാര്‍ത്ഥികളെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും സ്‌കൂള്‍ ഹെല്‍പ് ഡസ്‌കുകള്‍ ഉണ്ടാകും. ഹെല്‍പ് ഡസ്‌കുകള്‍ സജ്ജമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴ; ജാഗ്രത വേണം

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്ന് തീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി , മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ ഏഴു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. വെള്ളമുയര്‍ന്നതോടെ, പാലക്കാട് മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകള്‍10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കിവിടുന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഭാരത് ജോഡോ യാത്ര

പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കണ്‍വെന്‍ഷന്‍ നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ ബൈജു വര്‍ഗ്ഗീസ്, ലിസി ജോസഫ് , ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് , ഡി.സി.സി. അംഗം സി. ഹരിദാസ് , മാത്യു ഇടത്താഴെ,സുഭാഷ് മാസ്റ്റര്‍, ഷഫീര്‍ ചെക്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി, രാജു ജോസഫ് , നൂറുദ്ധീന്‍ , മനോജ് താഴെപ്പുരയില്‍, ശ്രീ.കെ.കെ. വിജയന്‍ , കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തുണ്ടിയില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിനാസ് പടിക്കല കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

പേരാവൂര്‍ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്‌ക്കരണ സംവിധാനം ഡിജിറ്റലായി

പേരാവൂര്‍: പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്‌ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു ആര്‍ കോഡ് പതിപ്പിക്കും. ഇതോടെ പ്രതിമാസ പാഴ് വസ്തു ശേഖരണ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ക്യു ആര്‍ പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സര്‍വ്വേയും ആപ്ലിക്കേഷന്‍ വഴി ശേഖരിക്കും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനം നടപ്പിലാക്കുന്നതോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന വഴി ക്യു ആര്‍ കോഡ് പതിപ്പിക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും വിവരശേഖരണ സര്‍വ്വേയും കൊട്ടംചുരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, എം ഷൈലജ ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, അസി.സെക്രട്ടറി എ.സി ജോഷ്വ എന്നിവര്‍ സംസാരിച്ചു.

സ്‌കൂളുകളിലേക്ക് ലഹരി എത്തുന്നു; സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എക്സൈസും പോലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്‌കൂളുകളിലേക്ക് ലഹരി എത്തുന്നു. സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം ഗൗരവമാണെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

കസേരകളുടെയും അലമാരകളുടെയും വിതരണോദ്ഘാടനം

മുഴക്കുന്ന്: ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലെ വയോജന വിശ്രമ മന്ദിരങ്ങള്‍ക്ക് അനുവദിച്ച കസേരകളുടെയും അലമാരകളുടെയും വിതരണോദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ അധ്യക്ഷനായി. വി.വി വിനോദ്, എ.വനജ, കെ. മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി രജനി, ടി.വി സിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.

സംസ്ഥാനത്ത് തിരോധാന കേസുകള്‍ കൂടുന്നു; ഈ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത് 6544 കേസുകള്‍

സംസ്ഥാനത്ത് തിരോധാന കേസുകള്‍ കൂടുന്നു. ഈ വര്‍ഷം 6 മാസത്തിനകം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 6544 മിസ്സിംഗ് കേസുകളാണ്. 2021 ല്‍ 9713 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 ല്‍ 8742 മാന്‍ മിസ്സിംഗ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2019ല്‍ രജിസ്റ്റര്‍ ചെയ്തത് 12,802 കേസുകളാണ്. തെളിയാത്ത തിരോധന കേസുകള്‍ ഏറെയും മലബാറിലാണ് ഉള്ളത്. കോഴിക്കോട് റൂറല്‍ പോലീസില്‍ 54 തിരോധാന കേസുകളാണ് ഉള്ളത്. കോഴിക്കോടിന് പിന്നാലെ 52 കേസുമായി കണ്ണൂരും കാസര്‍ഗോഡ് 32 കേസുകളുമാണ് ഉള്ളത്.

കാട്ടാന കുടിൽ തകർത്തു

ഇരിട്ടി:ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ രാജൻ – രജിതാ ദമ്പതികൾ താമസിക്കുന്ന കുടിലാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത്. ഈ സമയം വീട്ടിൽ രണ്ട് മക്കൾ ഉൾപ്പടെ ഉണ്ടായിരുന്നു.

കുടിലിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പേരാവൂർ തൊണ്ടിയിൽ ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമണം. അഞ്ചു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു

പേരാവൂർ:തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ
ശിഖ -ബൻഷിയോ ദമ്പതികൾക്കു നേരെയാണ് തിങ്കളാഴ്ച രാത്രിയിൽ അക്രമണമുണ്ടായത്.ഇവർ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം.ബൻഷിയോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി. പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട് ശിഖയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.ശിഖ ആശുപത്രിയിൽ ചികിത്സതേടി.സഭവത്തിൽ സഹോദരൻ സന്തോഷ്, രതീശൻ, തോമസ്, സോമേഷ് ,ജോഫി ആന്റണി എന്നിവർക്കെതിരെയാണ് പേരാവൂർ പോലീസ് കേസെടുത്തത്.