Hivision Channel

വി എസിന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് ലഭിച്ച പത്മ വിഭൂഷണ്‍ ബഹുമതി കുടുംബം സ്വീകരിക്കില്ല. പത്മ പുരസ്‌കാരം സ്വീകരിക്കുന്ന കീഴ്വഴക്കം പാര്‍ട്ടിക്കില്ലെന്ന നിലപാടിനൊപ്പം നിന്നാണ് കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്.

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ആലോചിച്ചാണ് വി എസിന്റെ മകന്‍ വി എ അരുണ്‍ കുമാര്‍ നിലപാട് വ്യക്തമാക്കിയത്. പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ് വഴക്കം പാര്‍ട്ടിക്കില്ലെന്ന് മുന്‍കാല നിലപാടുകള്‍ ചൂണ്ടിക്കാട്ടി നേതൃത്വം കുടുംബത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ താന്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് അരുണ്‍ കുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വി എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പമായിരിക്കുമെന്നും പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് പാര്‍ട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന പതിവ് സിപിഐഎം നേതാക്കള്‍ക്കിടയിലില്ല. 1992 ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു. 2002 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരവും 2008ല്‍ ജ്യോതി ബസു ഭാരതരത്‌നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് പത്മഭൂഷണ്‍ നല്‍കാന്‍ ധാരണയായപ്പോള്‍ തിരസ്‌കരിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *