സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവ് നല്‍കിയത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്; മന്ത്രി റോജി എം ജോണ്‍

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. കോഴ്സുകള്‍ വൈകുന്നത് ഉള്‍പ്പെടെയുള്ള കാലതാമസങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മാത്രമാണ് സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും അനുമതി ആവശ്യമുള്ളത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ടാണ് ഇളവുകളെന്നും മന്ത്രി പറഞ്ഞു.
പുതിയ തീരുമാനം വലിയ മാറ്റം കൊണ്ടുവരും. നേരത്തെ ഉണ്ടായിരുന്ന രീതി സ്വയംഭരണ കോളേജുകളുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം കോഴ്സുകളില്‍ വരണമെന്ന് മന്ത്രി പറഞ്ഞു. പല കോഴ്സുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി നല്‍കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് പുതിയ തീരുമാനം എന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങള്‍ വസ്തുതകള്‍ അറിയാതെയാണെന്ന് മന്ത്രി പറഞ്ഞു. സംവരണകാര്യത്തിലും മെറിറ്റിന്റെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. സംവരണ തത്വങ്ങള്‍ കൃത്യമായി പാലിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരം തുറന്നു നല്‍കാനുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ സ്വന്തം നിലയ്ക്ക് കോഴ്സ് ആരംഭിക്കുമ്പോള്‍ സര്‍ക്കാരിന് എന്താണ് ബാധ്യത. ഇതിനെതിരെയുള്ള ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നതാണെന്നും പിന്തിരിപ്പന് സമീപനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. യുജിസി മാനദണ്ഡം പ്രകാരം ഓട്ടോണമസ് കോളജുകളില്‍ പുതിയ കോഴ്സ് ആരംഭിക്കാന്‍ സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും അനുമതി വേണ്ട. എന്നാല്‍ കേരളത്തില്‍ ഇതല്ല സ്ഥിതിയെന്ന് മന്ത്രി വിശദീകരിച്ചു. ഇത് അക്കാഡമിക് ഒട്ടോണമിയെന്ന തത്വത്തെ നിരാകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.








