Hivision Channel

എക്‌സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

എക്‌സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. സീറാം സാംബശിവ റാവു എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കിയതിലും അന്വേഷണം ഉണ്ടായേക്കും. ഇതിനായി എക്‌സൈസ് മന്ത്രി എം.ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും.

എക്‌സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തിലും വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്യും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കും. സ്ഥാനമൊഴിയും മുന്‍പ് സീറാം സാംബ ശിവ റാവു നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രിയെ പോലും സംശയനിഴലിലാക്കുന്ന കാര്യങ്ങളാണ് പറയുന്നത്.

ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരാണെന്നും ബാര്‍ മുതലാളിമാരുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജോയിന്റ് എക്‌സൈസ് കമ്മീഷണറായ എസ് വിനോദ് ആലപ്പുഴയിലെ ബാര്‍ മുതലാളിയില്‍ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങി. ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട മൂവാറ്റുപുഴയിലെ ഗംഗാബാറില്‍ നിന്ന് 50,000 രൂപ വിനോദ് കൈപ്പറ്റിയതായും സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഡെപ്യൂട്ടി കമ്മീഷണറായ അജയിയും കായംകുളം കുറ്റിച്ചിറയിലെ ബാറില്‍ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി. ഈ ബാര്‍ മുതലാളിയെയും മന്ത്രിക്ക് നേരിട്ട് പരിചയമുണ്ടെന്നും സാംബശിവറാവു കണ്ടെത്തി. ഈ അടുത്ത കാലം വരെ ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നും പറയുന്നു. ഇരുവരും പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കണ്ടെത്തി. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സീറാം സാംബശിവറാവു ശിപാര്‍ശ ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *