
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തില്‍ രാജ്യം. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. മണ്‍ചിരാതില്‍ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ദീപങ്ങള്‍ക്ക് നിറച്ചാര്‍ത്തൊരുക്കുന്ന ദിവസം. ദീപം കൊളുത്തി മധുരത്തിന് ഒപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവന്‍ ദീപാവലി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയില്‍ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നു.
ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും മറ്റൊരു കഥയും പറയുന്നു. കഥകള്‍ക്ക് അപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴില്‍ എത്തിക്കുന്ന നന്മയുടെ വെളിച്ചം പരത്തുന്ന ഉത്സവമാണ് ദീപാവലി.














