Hivision Channel

hivision

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; റവന്യൂ വകുപ്പിലെ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ റവന്യൂ വകുപ്പിലെ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. സര്‍വ്വേ വകുപ്പിലെ 4 ജീവനക്കാര്‍ക്കും സസ്പന്‍ഷന്‍ ലഭിച്ചു. അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുകയും പലിശയും ഈടാക്കാന്‍ ഇതിനോടകം നിര്‍ദ്ദേശമുണ്ട്. നേരത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത 6 പേരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പും നടപടി സ്വീകരിച്ചിരുന്നു.

അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ ജീവനക്കാരില്‍ നിന്നും 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പിലാണ് കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേരാണ് ആരോഗ്യ വകുപ്പില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു.

ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് സ്‌നേഹസംഗമം

ഇരിട്ടി : ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് സ്‌നേഹസംഗമം ഇരിട്ടി പയഞ്ചേരി മുക്കിലെ എം2എച്ച് ഹാളില്‍ നടന്നു. ബ്ലഡ് ഡോണേഴ്‌സ് കേരള കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇരിട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിയാസ് എംപി ഉദ്ഘാടനം ചെയ്തു. ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അയ്യുബ് പൊയിലാന്‍ മുഖ്യതിഥി ആയിരുന്നു. രക്തദാനം – അറിയണ്ടത് എന്ന വിഷയത്തില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഫസല്‍ ചാലാടും ,എന്താണ് ബ്ലഡ് ഡോണേഴ്‌സ് കേരള, എന്ന വിഷയത്തില്‍ ബി.ഡി.കെ സ്റ്റേറ്റ് സെക്രട്ടറി സജിത്ത് വിപി ,സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കുമാര്‍, ബി.ഡി.കെ ഏയ്ഞ്ചല്‍സ് വിംഗ് കണ്ണൂര്‍ ജില്ലാപ്രസിഡന്റ് സമീറ അഷ്റഫ് ,ഷിജി മാമ്പ, നജ്മ അസീം, രാധ തളിയില്‍,ജാബിര്‍ കീച്ചേരി എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ ആയി
രക്ഷാധികാരി: അയ്യുബ് പൊയ്ലാന്‍
പ്രസിഡന്റ് : ജാബിര്‍ കീച്ചേരി
സെക്രട്ടറി : അന്‍സാര്‍ ഉളിയില്‍

വൈസ് പ്രസിഡന്റ് : സീത വിശാല
ജോയിന്റ് സെക്രട്ടറിമാര്‍ : യൂസഫ് ചെമ്പിലാലില്‍, സജീര്‍ ടിപി
ട്രഷറര്‍ : ഇസ്മായില്‍ പി

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയി സമീര്‍ പുന്നാട്,ആരിഫ ടി വി,സാജു വക്കാണിപ്പുഴ,അമല്‍ മാട്ടറ,നജ്മുന്നീസ എം കെഎന്നിവരെയും തിരഞ്ഞെടുത്തു

അടുക്കള സ്മാര്‍ട്ടാക്കാന്‍ ഈസി കിച്ചന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ‘ഈസി കിച്ചന്‍’ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓരോ അടുക്കളയ്ക്കും 75000 രൂപ വരെ നല്‍കാനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അടുക്കളയുടെ ഉപയോഗം കൂടുതല്‍ സൗഹാര്‍ദമാക്കാനും സൗകര്യപ്രദമാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തറ കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിക്കാം, ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചന്‍ സ്ലാബ്, കബോര്‍ഡ്, പ്ലാസ്റ്ററിംഗ്, കിച്ചന്‍ സിങ്ക്, 200 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, പ്ലമ്പിങ്, സോക്ക് പിറ്റ് നിര്‍മ്മാണം, പെയിന്റിംഗ് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി ചെയ്യാനാവും. ഇലക്ട്രിക് പ്രവര്‍ത്തിക്ക് 6000 രൂപ വരെ അനുവദിക്കാം. നിശ്ചിത വരുമാന പരിധിയിലുള്ളവരുടെ 2.4 മീറ്റര്‍ 2.4 മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള അടുക്കളകള്‍ നവീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കാനാകും.

എംടിയുടെ കൃതികള്‍ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; പ്രധാനമന്ത്രി

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. എംടിയുടെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകള്‍ കുടുംബത്തോടൊപ്പം എന്നും മോദി എക്‌സില്‍ കുറിച്ചു.

എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകിട്ട് 5 മണിക്ക്

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകിട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി.

എംടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി സമ്മാനിച്ചത്.

30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി;സംസ്ഥാനതല ഉദ്ഘാടനം 26ന് മുഖ്യമന്ത്രി നിര്‍വഹിക്കും

മട്ടന്നൂര്‍: സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍, രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരന്‍, ഷാഫി പറമ്പില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ.മാരായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെപി മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.ഐ. മധുസൂദനന്‍, എം. വിജിന്‍, കെ.വി. സുമേഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ഥ്യമാവുകയാണ്. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രാരംഭ ശൈശവ കാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. സ്ഥല ലഭ്യത അനുസരിച്ച് പ്ലോട്ടുകള്‍ക്ക് അനുയോജ്യമായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികളില്‍ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആര്‍കെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ. എന്നീ ഫണ്ടുകള്‍ സംയുക്തമായി വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കിയത്.

ഉപഭോക്തൃ അവകാശ ജാലകം; ഉപഭോക്തൃ ദിനാഘോഷം നടത്തി

കണ്ണൂര്‍:ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ ജില്ലാതല ഉപഭോക്തൃ ദിനാഘോഷം ഉപഭോക്തൃ അവകാശ ജാലകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് അവരില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രത്നകുമാരി മുഖ്യാതിഥിയായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ അഡ്വ. പി.കെ അന്‍വര്‍, ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. രവിസുഷ, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഇകെ പ്രകാശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, അസി. രജിസ്ട്രാര്‍ കെ ജി മനു എന്നിവര്‍ സംസാരിച്ചു.
ഉപഭോക്തൃ നീതിക്കായുള്ള ഡിജിറ്റല്‍ വഴികള്‍-വെര്‍ച്വല്‍ ഹിയറിങ് എന്ന വിഷയത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. മോളിക്കുട്ടി മാത്യു സംസാരിച്ചു. ഉപഭോക്താക്കള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ച അവകാശസഭയും നടന്നു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ.സജീഷ് കെ പി മോഡറേറ്ററായി.

ടിബി മുക്ത കേരളം; നൂറു ദിന കര്‍മ്മ പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍:കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന നൂറുദിന ക്ഷയരോഗ നിവാരണ-ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡി.പി.സി ഹാളില്‍ രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. നൂറുദിന കര്‍മ്മ പദ്ധതിയുടെ പോസ്റ്റര്‍ ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന് കൈമാറി മന്ത്രി പ്രകാശനം ചെയ്തു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പികെ അനില്‍കുമാര്‍ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ഷയരോഗബാധ 2015 നെ അപേക്ഷിച്ചു 80% കുറയ്ക്കുക, ക്ഷയരോഗ മരണനിരക്ക് 90% കുറയ്ക്കുക, ക്ഷയരോഗം കാരണം ആര്‍ക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് ക്യാമ്പയിന്‍ വിഭാവനം ചെയ്യുന്നത്. ക്ഷയരോഗ ബാധിതരോട് അടുത്ത് ഇടപഴകുന്നവര്‍, പ്രമേഹബാധിതര്‍, എച്ച്ഐവി അണുബാധിതര്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവര്‍ ക്ഷയരോഗ സാധ്യത കൂടിയവരാണ്. ഇവരുടെയിടയില്‍ ഗൃഹ സന്ദര്‍ശനത്തിലൂടെയും അതിഥി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചും വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍ എന്നിവ സന്ദര്‍ശിച്ച് കഫ പരിശോധന നടത്തിയും പരമാവധി രോഗികളെ കണ്ടെത്തും. ഇവര്‍ക്ക് ചികിത്സ നല്‍കുക, പരമാവധി മരണങ്ങള്‍ കുറക്കുക, ക്ഷയരോഗത്തെപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഒഴിവാക്കുക, രോഗികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുക, ക്ഷയരോഗ ബോധവത്കരണം എന്നിവയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ടി.ബി ആന്‍ഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോക്ടര്‍ സോനു ബി. നായര്‍ അധ്യക്ഷതവഹിച്ചു. ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയായി. ജില്ലയിലെ ടി.ബി രോഗികള്‍ക്ക് നല്‍കുവാനുള്ള പേഷ്യന്റ് ട്രീറ്റ്മെന്റ് കാര്‍ഡ് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍ ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു.
ഡെപ്യൂട്ടി ഡി.എം.ഒ കെടി രേഖ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സിപി ബിജോയ്, ടിബി ചാമ്പ്യന്‍ ഡോ. പി വി മോഹനന്‍, ടി.ബി അസോസിയേഷന്‍ ട്രഷറര്‍ എംകെ ഉമേഷ്, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ എം. മനോജ് കുമാര്‍ എം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി സുധീഷ്, എസിഎസ്എം നോഡല്‍ ഓഫീസര്‍ പി വി അക്ഷയ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടിബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. രജ്ന ശ്രീധരന്‍ ബോധവത്കരണ ക്ലാസെടുത്തു.