Hivision Channel

Kerala news

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

കെ എസ് ആര്‍ ടി സി: ശമ്പളം സമയബന്ധിതമായി നല്‍കാന്‍ നടപടിയാവുന്നു;മന്ത്രി ആന്റണി രാജു

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നല്‍കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമാണ് ശമ്പളം നല്‍കുക. കെ എസ് ആര്‍ ടി സി പുതുതായി ആരംഭിച്ച കണ്ണൂര്‍-പുതുച്ചേരി സ്വിഫ്റ്റ് ബസ് സര്‍വീസ് കണ്ണൂര്‍ ഡിപ്പോയില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യും. വരും നാളുകളില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയെ നൂതനമായ മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സര്‍വ്വീസുമെല്ലാം അതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലര്‍ കണ്ണടച്ച് എതിര്‍ക്കുന്നു. സ്വിഫ്റ്റിനെതിരെ പോലും ചിലര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ തള്ളി കോടതി അനുമതി നല്‍കി. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. എതിര്‍പ്പിനെ ഭയന്ന് കെ എസ് ആര്‍ ടി സിയെ മെച്ചപ്പെടുത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല-മന്ത്രി പറഞ്ഞു.
കണ്ണൂരില്‍ നിന്നും ദിവസവും വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സര്‍വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ആത്തൂര്‍, കടലൂര്‍ വഴി അടുത്ത ദിവസം രാവിലെ 7.45ന് പുതുച്ചേരിയില്‍ എത്തും. പുതുച്ചേരിയില്‍ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് തൊട്ടടുത്ത ദിവസം രാവിലെ 8.45ന് കണ്ണൂരില്‍ തിരിച്ചെത്തും. മലബാര്‍, മാഹി പ്രദേശത്തുള്ളവര്‍ക്കും പുതുച്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സര്‍വ്വീസ് കൂടുതല്‍ ഗുണം ചെയ്യും. എന്റെ കേരളം കെ എസ് ആര്‍ ടി സി മൊബൈല്‍ ആപ്പ്, online.keralartc.com എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
കണ്ണൂര്‍ ഡിപ്പോയില്‍ ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ അന്‍വര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി മനോജ്കുമാര്‍, സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ വി രാജേന്ദ്രന്‍, നോര്‍ത്ത് സോണ്‍ എക്‌സി. ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, സ്വിഫ്റ്റ് ഡി ടി ഒ, വി എം താജുദ്ദീന്‍, എഫ് ആന്റ് എ ജില്ലാ ഓഫീസര്‍ പി അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണാഘോഷ സമാപനവും സാസ്‌കാരിക സമ്മേളനവും

മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സാംസ്‌കാരിക സമ്മേളനം സ്‌കൂള്‍ മാനേജര്‍ ജെ.ദേവദാസിന്റെ അധ്യക്ഷതയില്‍ സാഹത്യകാരന്‍ സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ പ്രധാനാധ്യാപകന്‍ തോമസ് പന്തപ്ലാക്കല്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് ആക്കല്‍ ജിബേഷ്, മദര്‍ പി.ടി.എ പ്രസിഡണ്ട് സബിന, പ്രധാനാധ്യാപിക സിമി, ജോസ്ന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കേളകം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി മൈതാനത്ത് നടന്ന പരിപാടിക്ക് കൃഷി ഓഫീസര്‍ സുനില്‍ നേതൃത്വം നല്‍കി. കുപ്പിയില്‍ വെള്ളം നിറയ്ക്ക്ല്‍, കലം തല്ലിപ്പൊട്ടിക്കല്‍, കസേര കളി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യയും നടത്തി.

ജലസഭ നടത്തി

കണിച്ചാര്‍: പഞ്ചായത്തിലെ ജലാഞ്ജലി നീരുറവ സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ജലസഭ നടത്തി. കണിച്ചാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. അഖില്‍, സെക്രട്ടറി പ്രദീപന്‍, ബി.ഡി.ഒ ബിജു ജോസഫ്, വി.ഇ.ഒ ഷാജീവന്‍, ഓവര്‍സീയര്‍ അനില്‍, ആല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

മഞ്ചാടി ജംസ് കിഡ്സ് വേള്‍ഡ് നഴ്സറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: മഞ്ചാടി ജംസ് കിഡ്സ് വേള്‍ഡ് നഴ്സറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, രക്ഷിതാക്കള്‍ക്കായി വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫാ.ജസ്റ്റിന്‍ കുര്യാക്കോസ്, സന്ദീപ്, സുമേഷ് തത്തുപാറ, ഷിന്റു, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി

ഇരിട്ടി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നേതൃസംഗമം നടത്തി. പി കുഞ്ഞി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രഞ്ചിത്ത് കമല്‍, പി.പി രാഘവന്‍ മാസ്റ്റര്‍, പി രഘു എന്നിവര്‍ സംസാരിച്ചു.

ഓണച്ചന്തക്ക് തുടക്കമായി

തില്ലങ്കേരി: സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണച്ചന്തക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പെരിങ്ങാനം മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി പി.എം ഉജ്ജ്വല കുമാരി, സി.എം പ്രദീപന്‍, സതീശന്‍ തില്ലങ്കേരി, എം.രാമകൃഷ്ണന്‍, ബാബു ഈയ്യം ബോര്‍ഡ്, എം.കെ സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. 21 ഇന സാധനങ്ങള്‍ക്ക് പുറമേ മില്‍മ ഉത്പന്നങ്ങളും ഓണച്ചന്ത വഴി വിതരണം ചെയ്യുന്നുണ്ട്.

പുതിയ റോഡുകള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നടപടി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പുതിയ റോഡുകള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നിര്‍മ്മാണ കമ്പനിക്കെതിരെ വിജിലന്‍സ് കേസെടുക്കും. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവില്‍ കേടുപാടുകള്‍ ഉണ്ടാവാന്‍ പാടില്ല. ഉണ്ടായാല്‍ കര്‍ക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റോഡുകള്‍ ഡിസൈന്‍ഡ് റോഡുകളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാന്‍ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിജയോത്സവം 2022

പേരാവൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പേരാവൂര്‍ ഡിവിഷന്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു. പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ജില്ലാപഞ്ചായത്ത് അംഗം വി ഗീത, രഞ്ചുഷ, മണത്തണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി, പ്രിന്‍സിപ്പാള്‍ പ്രസീത ടി, പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.