Hivision Channel

Kerala news

ഹര്‍ത്താല്‍ ആചരിച്ചു

പേരാവൂര്‍: മണത്തണയിലെ കച്ചവട സ്ഥാപനത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മണത്തണയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും ചേര്‍ന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത വഹിച്ചു. അക്രമികളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കാന്‍ ഏതറ്റം വരെ പോകാനും സമാധാനപരമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഒരുക്കാനും അതിനാവാത്താ പക്ഷം സംഘടനാപരമായി തന്നെ നേരിടാന്‍ നിശ്ചയിച്ചതായും യോഗം അറിയിച്ചു. യൂണിറ്റ് മുന്‍ പ്രസിഡണ്ട് സുധീര്‍ ബാബു, കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡണ്ട് എസ്.ജെ. തോമസ്, സെക്രട്ടറി ജെയിംസ്, മണത്തണ യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ കെ.സി, സുരേന്ദ്രന്‍ എം.കെ, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമന്‍, എ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി

മുഴക്കുന്ന്: കുടുംബശ്രീ ജില്ലാ മിഷന്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു

കര്‍ഷക ചന്തക്ക് തുടക്കമായി

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ സമൃദ്ധി 2022 കര്‍ഷക ചന്തക്ക് തുടക്കമായി. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ അനീഷ് പി.എസ്, രഘു, വിജിന, അജിത കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണച്ചന്ത 7 ന് സമാപിക്കും.

ഓണം ഫെസ്റ്റിന് തുടക്കമായി

ഈരായിക്കൊല്ലി: ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം ഫെസ്റ്റിന് തുടക്കമായി. ആദ്യ ദിനം അംഗനവാടി കുട്ടികളുടെ കലാ -കായിക മത്സരങ്ങള്‍ നടന്നു. അംഗനവാടി വര്‍ക്കര്‍ രാഗിണി, എ രാജന്‍, രജിത, സുലോചന, വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പൂക്കളവും തീര്‍ത്തിരുന്നു.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയും വിവാഹിതരായി

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം സച്ചിന്‍ദേവും വിവാഹിതരായി. എ.കെ.ജി സെന്ററിലെ ഹാളില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ലളിതമായ ചടങ്ങുകളാണ് എകെജി സെന്ററില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രന്‍. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ക്കേ ഇരുവരും സുഹൃത്തുക്കളായിരുന്നു. 6ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വിവാഹസത്കാരം നടത്തും.

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് അടുത്തയാഴ്ച

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചത് 72,666 കുട്ടികള്‍. ഇതില്‍ 67,807 പേര്‍ നേരത്തേയപേക്ഷിച്ചിട്ടും അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാത്തതിനാല്‍ അപേക്ഷ പുതുക്കിയവരാണ്. 4,859 അപേക്ഷ പുതുതായി ലഭിച്ചു. അപേക്ഷ നല്‍കാനുള്ള സമയപരിധി ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. അലോട്ട്‌മെന്റിനുള്ള മെറിറ്റ് സീറ്റുകള്‍ 50,816 ആണ്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോള്‍ 21,850 സീറ്റുകളുടെ കുറവ്. എന്നാല്‍, മാനേജ്‌മെന്റ് ക്വാട്ട, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തില്‍ അധികം സീറ്റുകള്‍ മിച്ചമുണ്ട്. പ്ലസ് വണ്‍ പ്രവേശനം തുടങ്ങിയപ്പോഴുള്ള അപേക്ഷകരുടെ എണ്ണവും സീറ്റുകളുമായി വലിയവ്യത്യാസമാണുള്ളത്. സപ്ലിമെന്ററി ഘട്ടം എത്തിയപ്പോഴിതു വന്‍തോതില്‍ കുറഞ്ഞു. അപേക്ഷകരില്‍ ലക്ഷത്തിലധികംപേര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ., പോളിടെക്‌നിക് കോഴ്‌സുകളില്‍ ചേര്‍ന്നതിനാലാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അപേക്ഷകരുടെ എണ്ണവും മെറിറ്റ് സീറ്റുകളും തമ്മില്‍ കാര്യമായ അന്തരമില്ല. പത്തനംതിട്ടയില്‍ മെറിറ്റ് സീറ്റുകളേക്കാള്‍ കുറവാണ് അപേക്ഷകരുടെ എണ്ണം.മലപ്പുറത്ത് അപേക്ഷകര്‍ 18,014 ആണ്. എന്നാല്‍, മെറിറ്റ് സീറ്റുകള്‍ 6,812 മാത്രമാണുള്ളത്.

ഓണാഘോഷ ഷട്ടില്‍ ടൂര്‍ണമെന്റ്

കണിച്ചാര്‍: വോയിസ് ഓഫ് പെരുന്താനം റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ ഷട്ടില്‍ ടൂര്‍ണമെന്റ് പോണിച്ചേരി അച്ചുതന്‍ നായര്‍ സ്മാരക സിന്തറ്റിക് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടില്‍ ആരംഭിച്ചു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജോസ് വാത്യാട്ട് അധ്യക്ഷത വഹിച്ചു. റിജോ വാളുവെട്ടിക്കല്‍, റോയി നമ്പുടാകം എന്നിവര്‍ സംസാരിച്ചു.

പേരാവൂര്‍ വൈ.എം.സി.എയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

തൊണ്ടിയില്‍: പേരാവൂര്‍ വൈ.എം.സി.എയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തൊണ്ടിയില്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. വൈ.എം.സി.എ കേരള റീജിയണ്‍ ചെയര്‍മാന്‍ ജിയോ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് സണ്ണി ചേറ്റൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിന്‍ ചക്കാംകുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സബ് റീജിയണ്‍ ചെയര്‍മാന്‍ മത്തായി വെട്ടിയാങ്കല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. വൈ.എം.സി.എ നോര്‍ത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ ഇമ്മാനുവേല്‍ ജോര്‍ജ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ജോസ് ആവണംകോട്ട് സേവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ജോണി തോമസ്, ഒ മാത്യു, ബെന്നി വിച്ചാട്ട്, എന്‍ എസ് സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി.

തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം


സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്‍ക്കുന്നവര്‍ ആശ്രയിക്കുന്ന സിരിജഗന്‍ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2016 സെപ്റ്റംബര്‍ മുതലാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗന്‍ സമിതിയെ സമീപിച്ചത്. ഇതില്‍ 881 അപേക്ഷകളില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കി. ഇവരില്‍ 749 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. പട്ടി കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആള്‍ക്കാരായതിനാല്‍ സമിതിയെ കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.