പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചത് 72,666 കുട്ടികള്‍. ഇതില്‍ 67,807 പേര്‍ നേരത്തേയപേക്ഷിച്ചിട്ടും അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാത്തതിനാല്‍ അപേക്ഷ പുതുക്കിയവരാണ്. 4,859 അപേക്ഷ പുതുതായി ലഭിച്ചു. അപേക്ഷ നല്‍കാനുള്ള സമയപരിധി ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. അലോട്ട്‌മെന്റിനുള്ള മെറിറ്റ് സീറ്റുകള്‍ 50,816 ആണ്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോള്‍ 21,850 സീറ്റുകളുടെ കുറവ്. എന്നാല്‍, മാനേജ്‌മെന്റ് ക്വാട്ട, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തില്‍ അധികം സീറ്റുകള്‍ മിച്ചമുണ്ട്. പ്ലസ് വണ്‍ പ്രവേശനം തുടങ്ങിയപ്പോഴുള്ള അപേക്ഷകരുടെ എണ്ണവും സീറ്റുകളുമായി വലിയവ്യത്യാസമാണുള്ളത്. സപ്ലിമെന്ററി ഘട്ടം എത്തിയപ്പോഴിതു വന്‍തോതില്‍ കുറഞ്ഞു. അപേക്ഷകരില്‍ ലക്ഷത്തിലധികംപേര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ., പോളിടെക്‌നിക് കോഴ്‌സുകളില്‍ ചേര്‍ന്നതിനാലാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അപേക്ഷകരുടെ എണ്ണവും മെറിറ്റ് സീറ്റുകളും തമ്മില്‍ കാര്യമായ അന്തരമില്ല. പത്തനംതിട്ടയില്‍ മെറിറ്റ് സീറ്റുകളേക്കാള്‍ കുറവാണ് അപേക്ഷകരുടെ എണ്ണം.മലപ്പുറത്ത് അപേക്ഷകര്‍ 18,014 ആണ്. എന്നാല്‍, മെറിറ്റ് സീറ്റുകള്‍ 6,812 മാത്രമാണുള്ളത്.