Hivision Channel

Kerala news

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍ നീണ്ടുനോക്കി നെഹ്റു ഗ്രന്ഥാലയവും ഒ.എ.ബി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിജോ അറയ്ക്കല്‍, കെ.സി വര്‍ക്കി, കെ.ജി ബാബു, എം.ജെ ചെറിയാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരത് ജോഡോ യാത്രയുടെ കണിച്ചാര്‍ മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കണിച്ചാര്‍ മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ അധ്യക്ഷനായി. ഡി.സി.സി അംഗം സണ്ണി മേച്ചേരി, ലിസമ്മ മംഗലത്തില്‍, ഈശ്വര പ്രസാദ്, പാല്‍ഗോപാലന്‍, ലാലി ജോസ്, സിനോ ജോസ്, ജോജന്‍ എടത്താഴെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

കേളകം സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങ് കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവന്‍ പാലുമ്മി, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. 16 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.

ബ്രൗണ്‍ ഷുഗറുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തും സംഘവും കണ്ണൂരില്‍ നിന്നും ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന 10.1745 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫര്‍ഹാന്‍ കെ.പി, മഷൂക്ക് എന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 42100 രൂപയും വാഹനവും പിടിച്ചെടുത്തു. കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളിലും പരിസരങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളില്‍പ്പെട്ടവരാണ് അറസ്റ്റിലായ ഫര്‍ഹാനും മഷൂഖും. എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെകടര്‍ മാത്യു കെ.ഡി, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് എം.കെ, പ്രവീണ്‍ എന്‍.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുഹൈല്‍ പി.പി, സജിത്ത് എം, റോഷി കെ.പി, അനീഷ് ടി, നിഖില്‍ പി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ നിത്യ സി, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബര്‍ 8 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത. സെപ്റ്റംബര്‍ 7 നു ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ്സ് പൂമരത്ത് നടന്നു

തില്ലങ്കേരി പൂമരം യുവശക്തി കലാകായികവേദി, ഡി.വൈ.എഫ്.ഐ പൂമരം, പാറേങ്ങാട് യൂണിറ്റ്, എ.കെ.ജി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ്സാണ് പൂമരത്ത് നടന്നത്. ചടങ്ങ് കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.ഡി മനീഷ അധ്യക്ഷത വഹിച്ചു. ഇരട്ടി നഗരസഭ കൗണ്‍സിലര്‍ കെ സുരേഷ്, വാര്‍ഡ് മെമ്പര്‍ രമണി മിന്നി, എം ഭാസ്‌കരന്‍ മാസ്റ്റര്‍, മുരളീധരന്‍ കൈതേരി, ഒ.എം വിനീഷ്, സരീഷ് പൂമരം, കെ.പി പ്രവീണ്‍, കെ രമിഷ, ഇ.ആര്‍ വിപിന്‍, ഇ സുബിന്‍, നിരഞ്ജന, നിതീഷ് പുതുശ്ശേരി, എന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണാഘോഷ വിളംബര യാത്രയും ഓണക്കിറ്റ് വിതരണവും നടത്തി

തൊണ്ടിയില്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ തൊണ്ടിയില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ വിളംബര ജാഥ നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബിനോയ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.വി ബാബു, രാജു ജോസഫ് തുടങ്ങിയവര്‍ ഓണക്കിറ്റ് വിതരണം ചെയ്തു. മണത്തണ-പേരാവൂര്‍ യൂണിറ്റുകളിലെ ഭാരവാഹികളായ നിധിന്‍ മാലത്ത്, സന്തോഷ് കോക്കാട്ട്, കെ.എഫ് ലിബിന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കാളികളായി.

പേവിഷ പ്രതിരോധ വാക്‌സീനും ഇമ്യൂണോഗ്ലോബുലിനും സെന്‍ട്രല്‍ ഡ്രഗ് ലാബില്‍ പരിശോധിക്കും

ഒടുവില്‍ പേ വിഷ പ്രതിരോധ വാക്‌സീന്റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സര്‍ക്കാര്‍. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്‌സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റെയും പ്രതിരോധ വാക്‌സീന്റെയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൌളിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്‌സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിന്‍സ് ബയോ പ്രോഡക്ടിന്റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്റെ പേ വിഷ പ്രതിരോധ വാക്‌സീനും ആണ് പരിശോധിക്കുന്നത്.

ഇമ്യൂണോ ഗ്ലോബുലിന്റേയും പേ വിഷ പ്രതിരോധ വാക്‌സീന്റേയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പിന് കൈമാറി കഴിഞ്ഞു.

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഓണാഘോഷം

കൊട്ടിയൂര്‍:ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ചേംബര്‍ പ്രസിഡന്റ് സി.കെ വിനോദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എം ഷിന്റോ ,ടി.പി ഷാജി, കെ.പി സരസ്സന്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് ഓണ സദ്യയും, അംഗങ്ങള്‍ക്ക് ഓണകിറ്റും നല്‍കി.

ബി.ഡി.എസും ഇനി അഞ്ചരവര്‍ഷം, പാഠ്യപദ്ധതി പരിഷ്‌കാര കരടുമാര്‍ഗനിര്‍ദേശങ്ങളായി

എം.ബി.ബി.എസ് പോലെ ബി.ഡി.എസും (ഡെന്റല്‍ യു.ജി.) അഞ്ചരവര്‍ഷമാകുന്നു. സെമസ്റ്റര്‍ സമ്പ്രദായം, ഒരുവര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള കരടുമാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.കോഴ്സിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതാണ് പാഠ്യപദ്ധതിയിലെ പ്രധാന മാറ്റം. നിലവില്‍ നാലുവര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമെന്നത് എം.ബി.ബി.എസിനു സമാനമായി നാലര വര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമായി മാറും.വാര്‍ഷിക സമ്പ്രദായം അവസാനിപ്പിച്ച് സെമസ്റ്റര്‍ സംവിധാനം നടപ്പാക്കും.ആകെ ഒന്‍പതു സെമസ്റ്ററുകള്‍. ഓരോന്നിലും നാലു വിഷയങ്ങള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പൂര്‍ത്തിയാക്കിയശേഷം അടുത്തതു പഠിക്കാന്‍ അവസരമുണ്ടാകും. വിദ്യാര്‍ഥികളിലെ അധികസമ്മര്‍ദം ഒഴിവാക്കാനാണിത്.