കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഇടപെട്ട് എക്‌സൈസ് മന്ത്രി. അന്വഷിച്ച് നടപടിയെടുക്കാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കി. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരാതിയില്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നല്‍കിയ നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. മദ്യം വാങ്ങാന്‍ എത്തിയ ആളില്‍ നിന്ന് ജീവനക്കാരന്‍ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് സംഭവം. അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടല്‍.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്സി നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും ഒഴിവാക്കും.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഫിഷറീസ് സ്‌കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നല്‍കിയ തീയതിക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികളും വ്യക്തമാക്കി.
2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് വന്നതിനു പിന്നാലെ ആദ്യ അധ്യായന വര്‍ഷവും കഴിഞ്ഞു. പക്ഷേ ഒരാള്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം പല സ്‌കൂളുകളിലും അധികമാണ് ഇതുനസരിച്ച് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം പുനര്‍ നിശ്ചിയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയില്‍ 17,000 പേരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചു. ഗൂഗിള്‍ ഫോമിലൂടെ ആണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്. രണ്ടാഴ്ചക്കകം ഇതിന്റെ പരിശോധന പൂര്‍ത്തിയാവും. കേന്ദ്രം നയം വ്യക്തമാക്കിയതിനാല്‍ കൂടുതല്‍ മോഡിഫിക്കേഷനുകള്‍ അനുവദിക്കാന്‍ സാധ്യതയില്ല.
ജൂണ്‍ മാസം മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറു മോഡിഫിക്കേഷനുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിലെ ഭൂരിഭാഗം മോഡിഫിക്കേഷനുകളും മുമ്പേ ഉള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടാനായി സര്‍വേ ആരംഭിച്ചത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഏഴുവരെയാണ് സര്‍വേ നടന്നത്. സര്‍വേയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
അതേസമയം വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സഭയില്‍ അറിയിച്ചിരുന്നു.
സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്. 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നാീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് ചെലവായത്. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ് മറുപടി നല്‍കിയിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിന് ചില്ലി കാശ് നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു നിലവിലെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം, അര്‍ജന്റീന അക്കാദമികള്‍ കേരളത്തില്‍ ആരംഭിക്കുക, സ്‌പെയിന്‍ ഹയര്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുമായുള്ള സഹകരണം തുടങ്ങിയവയുടെ ചര്‍ച്ചകള്‍ക്കായി 13,0434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത്. നിയമസഭാ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുന്‍ സര്‍ക്കാരും സ്‌പോണ്‍സറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കളക്ഷന്‍ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ വിഷയം മന്ത്രി സഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനാണ് സാധ്യത.