എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ്ടി കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. കോളേജിനകത്തു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. കഴിഞ്ഞ തവണ ജപ്തി നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി.കോളേജ് ഇനി പലിശയടക്കം അടയ്ക്കാന്‍ ഉള്ളത് 19 കോടിയോളം രൂപയാണ്.
ഇരിട്ടി: കേരളോത്സവം ഡിസംബര്‍ 1 മുതല്‍ 15 വരെ നടക്കും.ഡിസംബര്‍ 1ന് ക്രിക്കറ്റ് മത്സരം വളള്യാട് ഗ്രൗണ്ടിലും വോളിബോള്‍ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, ഡിസംബര്‍ 4ന് 7 മണി മുതല്‍ വടംവലി മത്സരം ഇരിട്ടി പുതിയ ബസ്റ്റാന്റ് പരിസരത്തും, ഡിസംബര്‍ 7 ന് ചെസ് മത്സരം നഗരസഭ ഹാളിലും ,കബഡി മത്സരം മിത്തലെ പുന്നാട് നിവേദിത സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ചും,അത് ലറ്റിക്ക് മത്സരം ഡിസംബര്‍ 8 ന് രാവിലെ 8 മണി മുതല്‍ വളള്യാട് ഗ്രൗണ്ടിലും, ഡിസംബര്‍ 10 ന് വൈകുന്നേരം 5 ണി മുതല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഇരിട്ടി എംഎസ് ഗോള്‍ഡ് ഇന്റോര്‍ ഗ്രൗണ്ടിലും, ഫുട്‌ബോള്‍ മത്സരം ഡിസംബര്‍ 14 ന് വളള്യാട് ഗ്രൗണ്ടില്‍ വച്ചും, കലാമത്സരങ്ങള്‍ ഡിസംബര്‍ 15ന് ചാവശ്ശേരി മിനി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതിനും തീരുമാനിച്ചു. നഗരസഭയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയര്‍പേഴ്‌സന്‍ കെ.ശ്രീലത ഉത്ഘാടനം ചെയ്തു. വൈസ് ചെയര്‍മാര്‍ പി.പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ.രവിന്ദ്രന്‍, ടി.കെ. ഫസീല, പി.കെ.ബള്‍ക്കീസ്, കൗണ്‍സിലര്‍മാരായ പി.രഘു,ഷൈജു. എ.കെ, കെ.മുരളിധരന്‍, നജുമുന്നിസ്സ എം.കെ, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ആര്‍ .അശോകന്‍, എന്‍ രാജന്‍, യുത്ത് കോഡിനേറ്റര്‍ അശ്വിന്‍ കാരായി എന്നിവര്‍ സംസാരിച്ചു.
ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് പൊലീസിന്റെ പ്രത്യേക കരുതല്‍. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കൈയില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് വിടുന്നത്.
തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാന്‍ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരന്‍ രുചിച്ചു നോക്കുന്ന ദൃശ്യം പുറത്തായതോടെ സ്ഥാപനത്തിലെ ഉപകരണങ്ങളുമായി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് എളേറ്റില്‍ വട്ടോളി – ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഐസ് – മി’ എന്ന സ്ഥാപനത്തിലാണ് വിവാദ സംഭവങ്ങള്‍ ഉണ്ടായത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പാക്കിംഗിനെടുക്കുന്ന ഐസുകള്‍ രുചിച്ചു നോക്കി പാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ക്ക് വേണ്ടി ഐസ് വാങ്ങാന്‍ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് ഇത് കണ്ടത്. മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സജിത്ത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചതോടെ സ്ഥാപന ഉടമ നടപടി ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും മറ്റുമായി രാത്രി തന്നെ കാറില്‍ പോകാനുള്ള ശ്രമം നാട്ടുകാര്‍ ചേര്‍ന്ന് തടയുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി കാറില്‍ കയറ്റിയ സാധങ്ങളെല്ലാം തിരികെ കടയ്ക്കുള്ളില്‍ വെപ്പിക്കുകയും കാര്‍ കസ്റ്റഡിയില്‍ എടുത്ത് കട സീല്‍ ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പൊലീസ് ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാല്‍ ഫോണിലെ ഡിജിറ്റല്‍ ലൈസന്‍സ് കാണിച്ച് കൊടുത്താല്‍ മതി. പ്രിന്റഡ് ലൈസന്‍സിനായി നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ ഡിജിറ്റല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ ലൈസന്‍സിന് 200 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സര്‍ക്കാര്‍ ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. പ്രിന്റഡ് ലൈസന്‍സ് വേണ്ടവരാണ് പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പെടെ അടയ്‌ക്കേണ്ടത്. അതിന്റെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കില്‍ ലൈസന്‍സ് സ്വയം പ്രിന്റെടുത്ത് സൂക്ഷിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ക്യുആര്‍ കോഡ് വ്യക്തമായിരിക്കണം എന്നേയുള്ളൂ.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസന്‍സ് കിട്ടാന്‍ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസന്‍സ് ഡിജിറ്റലാക്കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അടുത്ത ഘട്ടമായി ആര്‍സി ബുക്കും ഡിജിറ്റലാക്കുമെന്ന് മന്ത്രി അറിയിച്ചു.
2025 ല്‍ നടക്കുന്ന സൗഹൃദ മത്സരത്തിനായി മെസി അടക്കമുള്ള ടീം കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. അര്‍ജന്റീന ടീമിനെ ക്ഷണിക്കാന്‍ സ്പെയിനില്‍ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അര്‍ജന്റീന പ്രതിനിധികള്‍ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.
രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേര്‍ന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ മത്സരം നടത്താനുള്ള സഹായം ഉറപ്പ് നല്‍കി, അവരായിരിക്കും സ്പോണ്‍സര്‍മാര്‍.
കേരളത്തിലെ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുക നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഇക്കോണമി വര്‍ധിപ്പിക്കാനും നീക്കങ്ങള്‍ നടത്തുന്നു.ആറു മാസം മുന്‍പ് കായിക ഉച്ച കോടി വിജയകരമായി നടത്തിയെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
മത്സര വേദി അടക്കമുള്ള ഔദ്യോഗിക പ്രഖ്യാപനം എ എഫ് എ നടത്തും. വേദിയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും കൊച്ചിയാണ് പ്രഥമ പരിഗണയെന്നും മന്ത്രി പറഞ്ഞു.
പേരാവൂര്‍ : കണ്ണൂര്‍ ജില്ല അമ്പെയ്ത്ത് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന കണ്ണൂര്‍ ജില്ല അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 22,23 തീയതികളില്‍ തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഇന്ത്യന്‍ റൗണ്ട്, റികര്‍വ്വ് റൗണ്ട്, കോമ്പൗണ്ട് റൗണ്ട് ഇനത്തില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ U10,U13,U15,U18 വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 22 ന് രാവിലെ 7 മണിക്ക് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. സീനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 23 ന് രാവിലെ 7 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മത്സരാര്‍ഥികള്‍ 2 ഫോട്ടോ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ 20 ന് വൈകുന്നേരത്തിനുള്ളില്‍ എന്‍ട്രി അയ്ക്കണം. കൂടുതല്‍ വിവരം അറിയാന്‍ 9447936455,9400045729 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വിലയില്‍ 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,520 രൂപയായി. ഗ്രാമിനാകട്ടെ 70 രൂപ വര്‍ധിച്ച് 7065 രൂപയിലെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വില വര്‍ധന പ്രകടമായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ 861 രൂപ വര്‍ധിച്ച് വില 75813 രൂപയായി.
ആഗോള വിപണിയില്‍ സ്പോര്‍ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,623 ഡോളര്‍ നിലവാരത്തിലാണ്.
വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളിൽ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.
കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുകയാണ്.യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്.
യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.