Hivision Channel

Kerala news

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു.

അതിശക്തമായ മഴക്ക് സാധ്യത;റെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ അതീവ ജാഗ്രത,കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്ത് ഇന്നും വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളില്‍ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാള്‍വരെ നിരോധിച്ചു. എറണാകുളം ജില്ലയില്‍ മറ്റന്നാള്‍ വരെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത കളക്ടര്‍മാരുടെ യോഗം മഴകാരണം മാറ്റിവച്ചു.

40 വയസില്‍ താഴെ പ്രായമുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

40 വയസില്‍ താഴെ പ്രായമുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാത്രം മതിയാകും. ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്.

കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്.www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച ശേഷം ഓണ്‍ലൈന്‍ സര്‍വീസ്- ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും.

അതില്‍ ഡ്രൈവ് ലൈസന്‍സ് റിന്യൂവല്‍ എന്ന ഓപ്ഷനില്‍ ഡ്രൈവ് ലൈസന്‍സ് നമ്പറും / ഡേറ്റ് ഓഫ് ബര്‍ത്തും എന്‍ട്രി വരുത്തിയാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാന്‍ സാധിക്കും. 400 രൂപയാണ് ഫീസിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാല്‍ നമുക്കൊരു അപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആവുകയും അപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഡോക്യുമെന്റ്‌സ് അപ്ലോഡ് ല്‍ പോയി ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാനും ഫീസ് പേമെന്റില്‍ പോയി അത് അടയ്ക്കാനും സാധിക്കുന്നതാണ്.

ബുക്ക് രൂപത്തിലുള്ള ലൈസന്‍സ്/ പേപ്പര്‍ രൂപത്തിലുള്ള ലൈസന്‍സ് ആണെങ്കില്‍ ആദ്യം ഓഫീസില്‍ കൊണ്ടുവന്ന് പ്രസ്തുത ലൈസന്‍സ് സാരഥി എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസന്‍സ് സംബന്ധമായ സര്‍വീസിന് ഓണ്‍ലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാല്‍ ആയത് ഓഫീസില്‍ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല. ഓണ്‍ലൈന്‍ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്റെ പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു.വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് കെ എസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുക. സമ്മര്‍ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.

ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപ കമ്മീഷന്‍; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികൾ

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തില്‍ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്. തട്ടിയെടുക്കുന്ന പണം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയാല്‍ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മില്‍ നിന്നും എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമെറും. ഒരു ലക്ഷം എടുത്ത് നല്‍കിയാല്‍ 2000 രൂപയാണ് കമ്മീഷന്‍.

തട്ടിപ്പ് സംഘങ്ങള്‍ രക്ഷപ്പെടുമ്പോള്‍, അക്കൗണ്ട് എടുത്ത് നല്‍കുന്നവരായിരിക്കും പിടിക്കപ്പെടുക.കൊല്‍ക്കത്ത ബിഹാര്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മലയാളികളെ കേസില്‍ പ്രതിയാക്കി ഉത്തരേന്ത്യന്‍ സംഘം രക്ഷപ്പെടും.

സൈബര്‍ കേസുകളില്‍ കൂടുതലും അറസ്റ്റിലാകുക ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കുന്നവരാകും.കൂടുതല്‍ അക്കൗണ്ടുകളും കൊടുവള്ളിയിലും സമീപപ്രദേശത്തുമാണ്. കോടികളാണ് അക്കൗണ്ടിലേക്ക് എത്തിയത്. കേരളത്തിലെ ഡിജിറ്റല്‍ അറസ്റ്റ് മാഫിയയുടെ പ്രധാന കണ്ണിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികളെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹസില്‍ (22) കോഴിക്കോട് സ്വദേശി കെ.പി. മിസ്ഹാപ് (21) എന്നിവര്‍ വാഴക്കാല സ്വദേശി ബെറ്റി ജോസഫ് എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റിലായത്.

വളപട്ടണത്തെ വന്‍ കവര്‍ച്ച;പ്രതി പിടിയില്‍

കണ്ണൂര്‍ വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പ്രതി പിടിയില്‍. അയല്‍വാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പണവും സ്വര്‍ണാഭരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിലെ സൂചന കേസില്‍ നിര്‍ണായകമായി. കഴിഞ്ഞ മാസം ഇരുപതിനാണ് അരി വ്യാപാരി അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്നത്.

നവംബര്‍ 19 ന് രാവിലെ അഷ്റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്.വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഇരിട്ടി പോലീസിന്റെ മിന്നല്‍ നീക്കം;വാഹനാപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം നാലു മണിക്കൂറിനിടയില്‍ ചെന്നൈയില്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തി

ഇരിട്ടി: വാഹനാപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ ഇരിട്ടി പോലീസ് നടത്തിയ മിന്നല്‍ നീക്കം ചെന്നൈ പോലീസിനേയും അപകടത്തില്‍ മരിച്ച യുവാവിന്റെ ബന്ധുക്കളേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി. ചുഴലിക്കാറ്റില്‍ ചെന്നൈ നഗരം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് നാലു മണിക്കൂര്‍ കൊണ്ട് ഇരിട്ടിയില്‍ നിന്നും ചെന്നൈയില്‍ എത്തിയുള്ള ഇരിട്ടി പോലീസിന്റെ മിന്നല്‍ നീക്കം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും ഇരിട്ടിയില്‍ നിന്നും പോലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ചുരുങ്ങിയത് രണ്ട് മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് ചെന്നൈ പോലീസ് മരിച്ച യുവാവിന്റെ കുടുംബത്തെ അറിയിച്ചിരിക്കെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിട്ടി പോലീസ് ചെന്നൈയില്‍ എത്തിയത്.
ചെന്നൈ സ്വദേശിയായ ഗൗതം ( 28) ആണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.ഗൗതം മറ്റ് മൂന്ന് സുഹൃത്തക്കള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും ഒരു മാസം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ കാണാനെത്തി തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ ഇരിട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നോത്ത് 32-ാം മൈലില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്.ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.തലയ്ക്ക് സാരമായിപരിക്കേറ്റ ഗൗതമിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ഏറെ നാള്‍ കഴിയവെ കുടുംബം വിദഗ്ധ ചികിത്സയ്ക്കായി ഗൗതമിനെ ചെന്നൈയിലേക്ക് മാറ്റി. അവിടെ നിന്നാണ് ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.
ഇരിട്ടിയില്‍ വെച്ചുണ്ടായ അപകടമായതിനാല്‍ ഇന്‍ക്വസ്റ്റ് നടത്തേണ്ടത് ഇരിട്ടി പോലീസായിരുന്നു.ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് ഇരിട്ടി സി.ഐ എ.കുട്ടിക്കൃഷ്ണന് ഇത് സംബന്ധിച്ച് കുടുംബത്തില്‍ നിന്നും വിവരം ലഭിച്ചത്.ഉടന്‍ തന്നെ സി.ഐ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക ഏര്‍പ്പാട് ചെയ്തു. അവധിയിലായിരുന്ന ഇരിട്ടി എസ് .ഐ റെജി സ്‌ക്കറിയ അവധി ഒഴിവാക്കി ചെന്നൈയിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചതോടെ പിന്നീട് സംഭവിച്ചതെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.ഉടന്‍ തന്നെ സി.ഐ കുട്ടികൃഷ്ണന്‍ മട്ടന്നൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ യാത്രാ സൗകര്യവും ഒരുക്കി.ഇതിനിടയില്‍ അപകടവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ് തെയ്യറാക്കിയ എഫ്.ഐ.ആര്‍ ഉള്‍പ്പെടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റവും നടത്തി. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടി എസ്.ഐ റെജിസ്‌ക്കറിയ ചെന്നൈ പോലീസ് സ്റ്റേഷനില്‍
എത്തുമ്പോള്‍ ഇരിട്ടി പോലീസിന് രേഖാമൂലം ഇന്‍ക്വസ്റ്റിനുള്ള അറിയിപ്പ് പോലും ചെന്നൈ പോലീസ് തെയ്യറാക്കിയിരുന്നില്ല. ദിവസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് കാത്തിരിക്കേണ്ട സാഹചര്യം ഇരിട്ടി പോലീസ് ഇല്ലാതാക്കിയത് കുടുംബത്തിനും ഗൗതമിന്റെ നാട്ടുകാര്‍ക്കും വലിയൊരനുഗ്രഹവുമായി.ഐ.ടി ജീവനക്കാരനായിരുന്നു മരിച്ച ഗൗതം.

സിപിഐഎം കണ്ണിരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു

തില്ലങ്കേരി:ഡിസംബര്‍ 6, 7 ,8 തീയതികളില്‍ നടക്കുന്ന സിപിഐഎം മട്ടന്നൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം കണ്ണിരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു.സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗം പി ശ്രീമതി പതാക ഉയര്‍ത്തി. ബ്രാഞ്ച് സെക്രട്ടറി രാമകൃഷ്ണന്‍,എന്‍ ഗോവിന്ദന്‍, പ്രണവ്, രഞ്ജിത്ത്, സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത;കണ്ണൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

ഡിജിറ്റല്‍ അറസ്റ്റിലൂടെ കോടികളുടെ തട്ടിപ്പ് ; കൊച്ചിയില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍

ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍ പൊലീസ്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍ സ്വദേശി കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എന്ന വ്യാജേന വീഡിയോ കാള്‍ വന്നുകൊണ്ടുള്ള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭത്തില്‍ മലയാളികള്‍ അറസ്റ്റിലാകുന്നത്. ഉത്തരേന്ത്യന്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് രണ്ടുപേരുടെയും അറസ്റ്റിലൂടെ പുറത്തുവരുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.