Hivision Channel

Kerala news

കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

കൊട്ടിയൂര്‍: സ്‌പെഷ്യല്‍ പ്ലാസ്റ്റിക്ക് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്ന്, നീണ്ടുനോക്കി, അമ്പായത്തോട്, മന്ദംചേരി, ഇരട്ടത്തോട് എന്നീ സ്ഥലങ്ങളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് സന്തോഷ് തടത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, വി.ഇ.ഒ രാജേഷ്, റിജു ആര്‍, സൈനുദ്ദീന്‍ എം എന്നിവര്‍ പങ്കെടുത്തു.

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു

കണിച്ചാര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ വൈശാഖ്, ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പി.ജെ രേഖ, കുഞ്ഞനന്ദന്‍, പേരാവൂര്‍ ബ്ലോക്ക് ഐ.ഇ.ഒ കെ അഖില്‍, വ്യവസായ വകുപ്പ് ഇന്റേണ്‍ ടി.വി വൈശാഖ് എന്നിവര്‍ സംബന്ധിച്ചു.

മണത്തണ, പേരാവൂര്‍ ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

മണത്തണ: പേരാവൂര്‍ ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. 2 കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടി കൂടി. പഞ്ചായത്ത് സെക്രട്ടറി സി ഹനീഫ, അസി.സെക്രട്ടറി ജോഷ്വ, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ വി.പി ബാബുരാജ്, ജെ.എച്ച്.ഐ കെ.ആര്‍ വത്സല, അക്കൗണ്ടന്റ് ജയപ്രകാശ്, ഒ.ജി രാജേഷ്, ശ്രീകല, മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഡോ. ഷിനിയെ അനുമോദിച്ചു

ഉളിയില്‍: വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഷിനിയെ അനുമോദിച്ചു. പ്രസിഡണ്ട് ഐ ജാനകി ഉദ്ഘാടനം ചെയ്തു. വി മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപ ഷാജി, ലാലി, മാധവി, ഗീത, ലസിതകുമാരി,
എന്‍.കെ സുരഫി എന്നിവര്‍ സംസാരിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നു

പേരാവൂര്‍: സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. ദിവസങ്ങളോളമായി ലിറ്ററ് കണക്കിന് വെള്ളം പാഴാകാന്‍ തുടങ്ങിയിട്ടും അധികൃതര്‍ പരിഹാരം കാണുന്നില്ല.

ബ്ലോക്ക്തല കര്‍ഷക സഭ 2022-23

പേരാവൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂര്‍, പേരാവൂര്‍ ബ്ലോക്ക് കാര്‍ഷിക വിജ്ഞാന വ്യാപന പദ്ധതി ബ്ലോക്ക്തല കര്‍ഷക സഭ 2022-23 പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍ അധ്യക്ഷത വഹിച്ചു. ആത്മ കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പി.വി ശൈലജ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രേമി പ്രേമന്‍, മൃഗസംരക്ഷണ വകുപ്പിലെ പദ്ധതി വിശദീകരണം ഡോ. സിന്ധു പി.ആന്‍ നിര്‍വഹിച്ചു. മഞ്ജു കെ.പി, പേരാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജശ്രീ പി, കാവ്യാ ബാബു എന്നിവര്‍ സംസാരിച്ചു.

വാക്‌സിനെടുക്കാന്‍ വിമുഖത പാടില്ല; പേവിഷബാധ മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, ആരോഗ്യമന്ത്രി

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിച്ചു വരികയാണ്. പേവിഷബാധയ്ക്കുള്ള വാക്സിനെടുത്തിട്ടും മരണങ്ങളും തുടര്‍ക്കഥയാകുന്നു. ഈ സാഹചര്യത്തില്‍ പേവിഷബാധ നിയന്ത്രിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമുള്ള കടി വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചെന്ന് മന്ത്രി വ്യക്തമാക്കി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ
വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. നേരിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഇന്നലെ രണ്ട് തവണയായി 400 രൂപയാണ് വര്‍ദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ രണ്ട് തവണയായി 50 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ആകെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,930 രൂപയാണ്.

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിളക്കോട്: വാഹന പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ്.പോളും സംഘവും വിളക്കോട് ഹാജി റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി പുതിയേടത്ത് ശരത്ത് പിടിയിലായത്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നെത്തിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് നല്‍കുന്ന സൂചന. കെ.എല്‍.78 ബി 6215 ബൈക്കില്‍ കടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വാഹന പരിശോധനയില്‍ എസ്.ഐ ഷിബു എഫ് പോളിനെ കൂടാതെ വിനോദ്, സജീഷ്, ഷൗക്കത്തലി, നിഷാദ്, സതീശന്‍, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.

കൊട്ടിയൂർ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

ഇരിട്ടി:വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു.