ഇരിട്ടി:പായം ഗ്രാമപഞ്ചായത്ത് മുരിങ്ങ ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല മുരിങ്ങ തൈ വിതരണം മാടത്തില്‍ വാര്‍ഡില്‍ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി സാജിത് അധ്യക്ഷനായി.
കണ്ണൂര്‍: ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള ഒരു രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (ടിഎംവിആര്‍) വിജയകരമായി നടത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. മുന്‍പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുള്ള രോഗിക്ക് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ഇവര്‍.
രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയതിനാല്‍ 2003-ല്‍ മിട്രല്‍ വാല്‍വ് റിപ്പയറും, 2015-ല്‍ ബയോളജിക്കല്‍ വാല്‍വ് ഉപയോഗിച്ച് മിട്രല്‍ വാല്‍വ് മാറ്റിവെക്കലും കഴിഞ്ഞ രോഗിക്ക് പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രോസ്തെറ്റിക് വാല്‍വിന്റെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തി.
വീണ്ടും തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വളരെ അപകടകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ടിഎംവിആര്‍ എന്ന അത്യാധുനിക രീതിയിലുള്ള വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.
ടിഎംവിആര്‍: അത്യാധുനിക ചികിത്സാരീതി
തുറന്ന ശസ്ത്രക്രിയയില്ലാതെ, തുടയുടെ ഭാഗത്തുള്ള ഞരമ്പിലൂടെ (ഫെമറല്‍ വെയിന്‍) കത്തീറ്റര്‍ (ഒരു ചെറിയ ഉപകരണം) ഉപയോഗിച്ച് വാല്‍വ് മാറ്റിവെക്കുന്ന സങ്കീര്‍ണമായ ചികിത്സാരീതിയാണ് ടിഎംവിആര്‍. വളരെ കുറച്ച് സെന്ററുകളില്‍ മാത്രം ലഭ്യമാവുന്ന അത്യാധുനിക ചികിത്സ കൂടിയാണിത്. ഹൃദയത്തില്‍ നാല് വാല്‍വുകള്‍ ഉണ്ട്. ഓരോ വാല്‍വിനും രക്തം ഒരു ദിശയിലേക്ക് മാത്രം ഒഴുകാന്‍ സഹായിക്കുന്ന ഒരു വാതിലിന്റെ ധര്‍മ്മമാണ് ഉള്ളത്.
മിട്രല്‍ വാല്‍വ് ഇടത് ഏട്രിയത്തിനും ഇടത് വെന്‍ട്രിക്കിളിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. ഈ വാല്‍വിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ രക്തം ശരിയായി ഒഴുകില്ല. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ടിഎംവിആര്‍ ചികിത്സയില്‍, തകരാറിലായ വാല്‍വിന്റെ സ്ഥാനത്ത് പുതിയ വാല്‍വ് സ്ഥാപിക്കുന്നു. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അതീവ ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രോഗിയെ വാര്‍ഡിലേക്ക് മാറ്റുകയും സാധാരണപോലെ നടക്കാന്‍ തുടങ്ങുകയും ചെയ്തു എന്നത് ടിഎംവിആര്‍ ചികിത്സയുടെ വിജയത്തെ എടുത്തു കാണിക്കുന്നു. വെറും ആറ് മണിക്കൂറിനു ശേഷം സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയ രോഗി 48 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാണ് പദ്ധതി. ടിഎംവിആര്‍ രീതിയിലുള്ള ചികിത്സയുടെ ഈ അതിവേഗ രോഗമുക്തി ആരോഗ്യരംഗത്ത് ഒരു പുതിയ പ്രതീക്ഷ നല്‍കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. രവീന്ദ്രന്‍ പി (മെഡിക്കല്‍ ഡയറക്ടര്‍ & ചീഫ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി), ഡോ. സന്ദീപ് (ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. റയാന്‍ (കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ദില്‍ഷാദ് ടി.പി. (സി ഒ ഒ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94958 92239
തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മോഷണകേസിലെ പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാങ്കില്‍ നിന്ന് മോഷ്ടിച്ച പത്ത് ലക്ഷം രൂപ കണ്ടെടുത്തു. കവര്‍ച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂര്‍ത്തെന്നാണ് കുറ്റസമ്മതം. പ്രതി റിജോ ആന്റണി ബാങ്കില്‍ ഉള്‍പ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കും.
പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്. വീട്ടിലും ബാങ്കിലും ആയിരിക്കും ഇന്ന് പ്രധാന തെളിവെടുപ്പ് നടക്കുക. കവര്‍ച്ച നടത്തിയതില്‍ 15 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു. പത്ത് ലക്ഷം രൂപ അന്വേഷണ സംഘം പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത പണം ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.
36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
വിദ്യാലയങ്ങളിലെ റാഗിങ് തടയാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി പഠനം നടത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും ഇതിന് ഉന്നത പഠനം നടത്താന്‍ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭിയാന്‍ വഴിയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ പ്രതിസന്ധിയിലായതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പ് വെക്കാത്തതാണ് പണം നല്‍കാത്തതിന് കാരണം. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
സബ്ജറ്റ് മിനിമം ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എട്ടാം ക്ലാസ് മുതലായിരിക്കും ഇത് നടപ്പാക്കുക. വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുക അല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതേലും വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ ആ കുട്ടിക്ക് സമയം നല്‍കും. തുടര്‍ന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാന്‍ അവസരം നല്‍കും. 9, 10 വര്‍ഷങ്ങളില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എറണാകുളം തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടര്‍ന്ന് 15കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന് എന്‍ഒസി ഇല്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തെ 183 സ്‌കൂളുകള്‍ക്കാണ് ഇത്തരത്തില്‍ എന്‍ഒസി ഇല്ലാത്തതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.
കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്.
18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂര്‍ണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയത്തില്‍ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്ര വിഹിതമുള്ളത്.
കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അംഗത്വം നേടുന്നതിന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂര്‍ണമായും സൗജന്യമാണ്.
197 സര്‍ക്കാര്‍ ആശുപത്രികളും, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവില്‍ പദ്ധതിയുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും.
ഇരിട്ടി:ഉളിക്കല്‍ പഞ്ചായത്തിലെ ഭരണകെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് ഉളിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 18ന് നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന ജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാലങ്കിയില്‍ കോണ്‍ഗ്രസ്സ് എസ്സ് ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ജോളി ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു.സിപിഐഎം കാലാങ്കി ബ്രാഞ്ച് സെക്രട്ടറി രാജന്‍ കുറ്റിയാടന്‍ ,ജാഥ ക്യാപ്റ്റന്‍ :അഡ്വ കെ ജി ദിലീപ്, മാനേജര്‍ കെ ആര്‍ ലിജുമോന്‍, വൈസ് ക്യാപ്റ്റന്‍മാരായ ടി എല്‍ ആന്റണി, ബാബുരാജ് ഉളിക്കല്‍, ഇ എസ് സത്യന്‍, പി കെ ശശി, പി വി ഉഷാദ്, ബാബു ഐസക്, ആര്‍ സുജി, ഷൈമ ഷാജു, മിനി ഈറ്റിശ്ശേരി, പി എ നോബിന്‍, സരുണ്‍ തോമസ്, പ്രദീപന്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. മാട്ടറ, വട്ടിയാംതോട്, വയത്തൂര്‍, കതുവാപറമ്പ്, മണ്ഡപപറമ്പ് എന്നീ കേദ്രങ്ങളില്‍ പര്യടനം നടത്തി ഉളിക്കലില്‍ സമാപിച്ചു.സമാപന പരിപാടി അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.നാളെ മണിക്കടവില്‍ വെച്ച് ജെയ്‌സണ്‍ ജീരകശ്ശേരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെരുമ്പള്ളി, മണിപ്പാറ, നുച്യാട്, മുണ്ടാനൂര്‍, കോക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി പരിക്കളത്ത് സമാപിക്കും. സമാപന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
ഫെബ്രുവരി മാസമേ ആയിട്ടേയുള്ളൂ. പക്ഷേ, കേരളം ചുട്ടുപൊള്ളാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇനിയും ചൂടുയരാന്‍ സാധ്യതയേറെയാണ്. ചൂട് കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഈ സാഹചര്യത്തില്‍ വേനല്‍ച്ചൂടിനെ മറികടക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളെ അറിയിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇവയാണ്.
ചൂടിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയങ്ങളില്‍ ഒഴിവാക്കാന്‍ ശ്ര?ദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റുകള്‍ നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ളാസ്മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമവും ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജ്ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പന്‍ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ ഇരട്ടിയോളമാണ് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6495 രൂപയാണ്.
കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷനില്‍ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലിയലെ ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തിലും പ്രതികളായവ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കുകയും മൂന്ന് വര്‍ഷത്തേക്ക് മറ്റ് കോളജുകളില്‍ ചേരുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. ഈ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.