Hivision Channel

ഹൃദ്രോഗ ചികിത്സാരംഗത്ത് നാഴികക്കല്ല് കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി.അത്യാധുനിക ടിഎംവിആര്‍ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍

കണ്ണൂര്‍: ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള ഒരു രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (ടിഎംവിആര്‍) വിജയകരമായി നടത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. മുന്‍പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുള്ള രോഗിക്ക് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ഇവര്‍.

രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയതിനാല്‍ 2003-ല്‍ മിട്രല്‍ വാല്‍വ് റിപ്പയറും, 2015-ല്‍ ബയോളജിക്കല്‍ വാല്‍വ് ഉപയോഗിച്ച് മിട്രല്‍ വാല്‍വ് മാറ്റിവെക്കലും കഴിഞ്ഞ രോഗിക്ക് പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രോസ്തെറ്റിക് വാല്‍വിന്റെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തി.

വീണ്ടും തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വളരെ അപകടകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ടിഎംവിആര്‍ എന്ന അത്യാധുനിക രീതിയിലുള്ള വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ടിഎംവിആര്‍: അത്യാധുനിക ചികിത്സാരീതി

തുറന്ന ശസ്ത്രക്രിയയില്ലാതെ, തുടയുടെ ഭാഗത്തുള്ള ഞരമ്പിലൂടെ (ഫെമറല്‍ വെയിന്‍) കത്തീറ്റര്‍ (ഒരു ചെറിയ ഉപകരണം) ഉപയോഗിച്ച് വാല്‍വ് മാറ്റിവെക്കുന്ന സങ്കീര്‍ണമായ ചികിത്സാരീതിയാണ് ടിഎംവിആര്‍. വളരെ കുറച്ച് സെന്ററുകളില്‍ മാത്രം ലഭ്യമാവുന്ന അത്യാധുനിക ചികിത്സ കൂടിയാണിത്. ഹൃദയത്തില്‍ നാല് വാല്‍വുകള്‍ ഉണ്ട്. ഓരോ വാല്‍വിനും രക്തം ഒരു ദിശയിലേക്ക് മാത്രം ഒഴുകാന്‍ സഹായിക്കുന്ന ഒരു വാതിലിന്റെ ധര്‍മ്മമാണ് ഉള്ളത്.

മിട്രല്‍ വാല്‍വ് ഇടത് ഏട്രിയത്തിനും ഇടത് വെന്‍ട്രിക്കിളിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. ഈ വാല്‍വിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ രക്തം ശരിയായി ഒഴുകില്ല. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ടിഎംവിആര്‍ ചികിത്സയില്‍, തകരാറിലായ വാല്‍വിന്റെ സ്ഥാനത്ത് പുതിയ വാല്‍വ് സ്ഥാപിക്കുന്നു. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അതീവ ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രോഗിയെ വാര്‍ഡിലേക്ക് മാറ്റുകയും സാധാരണപോലെ നടക്കാന്‍ തുടങ്ങുകയും ചെയ്തു എന്നത് ടിഎംവിആര്‍ ചികിത്സയുടെ വിജയത്തെ എടുത്തു കാണിക്കുന്നു. വെറും ആറ് മണിക്കൂറിനു ശേഷം സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയ രോഗി 48 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാണ് പദ്ധതി. ടിഎംവിആര്‍ രീതിയിലുള്ള ചികിത്സയുടെ ഈ അതിവേഗ രോഗമുക്തി ആരോഗ്യരംഗത്ത് ഒരു പുതിയ പ്രതീക്ഷ നല്‍കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. രവീന്ദ്രന്‍ പി (മെഡിക്കല്‍ ഡയറക്ടര്‍ & ചീഫ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി), ഡോ. സന്ദീപ് (ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. റയാന്‍ (കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ദില്‍ഷാദ് ടി.പി. (സി ഒ ഒ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 94958 92239

Leave a Comment

Your email address will not be published. Required fields are marked *