Hivision Channel

Kerala news

തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം


സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്‍ക്കുന്നവര്‍ ആശ്രയിക്കുന്ന സിരിജഗന്‍ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2016 സെപ്റ്റംബര്‍ മുതലാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗന്‍ സമിതിയെ സമീപിച്ചത്. ഇതില്‍ 881 അപേക്ഷകളില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കി. ഇവരില്‍ 749 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. പട്ടി കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആള്‍ക്കാരായതിനാല്‍ സമിതിയെ കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.

മാഗ്സസെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ

മാഗ്സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി.

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിട്ടി: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പാലത്തിന് സമീപത്തെ സൂര്യ ബാറിന്റെ വരാന്തയിലാണ് ലോട്ടറി വില്‍പനക്കാരനായ പടിയൂര്‍ സ്വദേശി താഴെവീട്ടില്‍ കണ്ണനെ(55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

കെ എസ് ആര്‍ ടി സി: ശമ്പളം സമയബന്ധിതമായി നല്‍കാന്‍ നടപടിയാവുന്നു;മന്ത്രി ആന്റണി രാജു

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നല്‍കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമാണ് ശമ്പളം നല്‍കുക. കെ എസ് ആര്‍ ടി സി പുതുതായി ആരംഭിച്ച കണ്ണൂര്‍-പുതുച്ചേരി സ്വിഫ്റ്റ് ബസ് സര്‍വീസ് കണ്ണൂര്‍ ഡിപ്പോയില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യും. വരും നാളുകളില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയെ നൂതനമായ മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സര്‍വ്വീസുമെല്ലാം അതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലര്‍ കണ്ണടച്ച് എതിര്‍ക്കുന്നു. സ്വിഫ്റ്റിനെതിരെ പോലും ചിലര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ തള്ളി കോടതി അനുമതി നല്‍കി. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. എതിര്‍പ്പിനെ ഭയന്ന് കെ എസ് ആര്‍ ടി സിയെ മെച്ചപ്പെടുത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല-മന്ത്രി പറഞ്ഞു.
കണ്ണൂരില്‍ നിന്നും ദിവസവും വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സര്‍വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ആത്തൂര്‍, കടലൂര്‍ വഴി അടുത്ത ദിവസം രാവിലെ 7.45ന് പുതുച്ചേരിയില്‍ എത്തും. പുതുച്ചേരിയില്‍ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് തൊട്ടടുത്ത ദിവസം രാവിലെ 8.45ന് കണ്ണൂരില്‍ തിരിച്ചെത്തും. മലബാര്‍, മാഹി പ്രദേശത്തുള്ളവര്‍ക്കും പുതുച്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സര്‍വ്വീസ് കൂടുതല്‍ ഗുണം ചെയ്യും. എന്റെ കേരളം കെ എസ് ആര്‍ ടി സി മൊബൈല്‍ ആപ്പ്, online.keralartc.com എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
കണ്ണൂര്‍ ഡിപ്പോയില്‍ ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ അന്‍വര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി മനോജ്കുമാര്‍, സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ വി രാജേന്ദ്രന്‍, നോര്‍ത്ത് സോണ്‍ എക്‌സി. ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, സ്വിഫ്റ്റ് ഡി ടി ഒ, വി എം താജുദ്ദീന്‍, എഫ് ആന്റ് എ ജില്ലാ ഓഫീസര്‍ പി അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണാഘോഷ സമാപനവും സാസ്‌കാരിക സമ്മേളനവും

മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സാംസ്‌കാരിക സമ്മേളനം സ്‌കൂള്‍ മാനേജര്‍ ജെ.ദേവദാസിന്റെ അധ്യക്ഷതയില്‍ സാഹത്യകാരന്‍ സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ പ്രധാനാധ്യാപകന്‍ തോമസ് പന്തപ്ലാക്കല്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് ആക്കല്‍ ജിബേഷ്, മദര്‍ പി.ടി.എ പ്രസിഡണ്ട് സബിന, പ്രധാനാധ്യാപിക സിമി, ജോസ്ന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കേളകം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി മൈതാനത്ത് നടന്ന പരിപാടിക്ക് കൃഷി ഓഫീസര്‍ സുനില്‍ നേതൃത്വം നല്‍കി. കുപ്പിയില്‍ വെള്ളം നിറയ്ക്ക്ല്‍, കലം തല്ലിപ്പൊട്ടിക്കല്‍, കസേര കളി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യയും നടത്തി.

ജലസഭ നടത്തി

കണിച്ചാര്‍: പഞ്ചായത്തിലെ ജലാഞ്ജലി നീരുറവ സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ജലസഭ നടത്തി. കണിച്ചാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. അഖില്‍, സെക്രട്ടറി പ്രദീപന്‍, ബി.ഡി.ഒ ബിജു ജോസഫ്, വി.ഇ.ഒ ഷാജീവന്‍, ഓവര്‍സീയര്‍ അനില്‍, ആല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

മഞ്ചാടി ജംസ് കിഡ്സ് വേള്‍ഡ് നഴ്സറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: മഞ്ചാടി ജംസ് കിഡ്സ് വേള്‍ഡ് നഴ്സറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, രക്ഷിതാക്കള്‍ക്കായി വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫാ.ജസ്റ്റിന്‍ കുര്യാക്കോസ്, സന്ദീപ്, സുമേഷ് തത്തുപാറ, ഷിന്റു, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി

ഇരിട്ടി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നേതൃസംഗമം നടത്തി. പി കുഞ്ഞി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രഞ്ചിത്ത് കമല്‍, പി.പി രാഘവന്‍ മാസ്റ്റര്‍, പി രഘു എന്നിവര്‍ സംസാരിച്ചു.