പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. ചക്കക്കൊമ്പന് എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് ജോലി സ്ഥലത്തെ ഷെഡില്‍ കിടന്ന് ഉറങ്ങുകയായിരുന്നു വിജയന്. ഇന്ന് രാവിലെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ആര്‍ആര്‍ടി സംഘം അറിയിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഈ മേഖലയില്‍ മാത്രം മരിച്ചത്. നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്.
നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള് കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.
ഏറെ വര്‍ഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും വെള്ളിത്തിരയില്‍ വളരെ വൈകിയാണ് സാവിത്രി ശ്രീധരന് ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് ചില ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നെങ്കിലും സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന് എന്ന നടി മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയത്. കോഴിക്കോട്ടെ നാടക വേദികളില്‍ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിന്നു സാവിത്രി.
കണ്ണൂര്‍:ജില്ലയിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയ നവംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബു. ജില്ലാ കലക്ടറേറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 30നു മുമ്പ് ലഭിക്കുന്ന എഎസ്ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) അപേക്ഷകളില്‍ പൂര്‍ണമായി നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള മരണ രജിസ്റ്റര്‍ പ്രകാരം മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഓരോ മാസവും സ്വീകരിക്കണം. സ്ഥലത്തില്ലാത്തവരും സ്ഥലം മാറിപ്പോയവരുമായ വോട്ടര്‍മാരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പോളിംഗ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി. റാംപ്, ടോയ്ലെറ്റ്, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവിടങ്ങളില്‍ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിംഗ് സ്റ്റേഷനുകള്‍ മാറ്റി പുതിയത് കണ്ടെത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. വിദ്യാലയങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ സജീവമാക്കുകയും അവ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, സബ് കളക്ടര്‍ രവി മീണ, അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിഎം-വിവിപാറ്റ് വെയര്‍ ഹൗസും സിഇഒ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി എന്നിവര്‍ക്കു പുറമെ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി എം ഗോപിനാഥന് (ഐഎന്‍സി), സി എറമുള്ളാന് (ഐയുഎംഎല്‍), കെ ശഹറാസ് (സിപിഐഎം), എം ഗംഗാധരന് (സിപിഐ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ആറളം ഫാമില്‍ പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയുടെ ബജറ്റ് എസ്റ്റിമേറ്റ് കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമം സംബന്ധിച്ച ബജറ്റ് വിഹിത വിനിയോഗ പഠനത്തിന്റെ ഭാഗമായി വിടി ബല്‍റാം എം എല്‍ എ അധ്യക്ഷനായ സമിതി ആറളം ഫാമിലും സെറ്റില്‍മെന്റ് ഏരിയയിലും നടത്തിയ സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദ്ദേശം.
ആറളം ഫാമിലും സെറ്റില്‍മെന്റ് ഏരിയയിലുമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ബജറ്റ് എസ്റ്റിമേറ്റ്, പുതുക്കിയ എസ്റ്റിമേറ്റ്, അനുവദിച്ച തുക, ലഭ്യമായ ഫണ്ട്, യഥാര്‍ത്ഥ ചെലവ്, ചെലവിന്റെ ശതമാനം, വിനിയോഗിക്കാത്ത തുക സംബന്ധിച്ച വിശദാംശങ്ങള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചെലവഴിച്ച തുകയുടെ ശീര്‍ഷകം, നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, ഫണ്ട് വിനിയോഗത്തില്‍ കുറവ് കാലതാമസം, സറണ്ടര്‍, പുനര്‍ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ അംഗീകൃത അടങ്കല്‍ തുക, ചെലവഴിച്ച തുക, നിലവിലെ സ്ഥിതി, പൂര്‍ത്തീകരണത്തിലെ കാലതാമസ കാരണങ്ങള്‍, പൂര്ത്തിയാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ഉപയോഗ്യ ശൂന്യമയതോ ആയ പദ്ധതികള്‍, ഉപയോഗശൂന്യമായതിന്റെ കാരണം തുടങ്ങിയ കാര്യങ്ങളും സംഘം വിലയിരുത്തി. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ചെലവഴിച്ച തുക മൂലം പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ജീവിത നിലവാരത്തിലും സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലുമുണ്ടായ പ്രകടമായ മാറ്റങ്ങള്‍, സെറ്റില്‍മെന്റിലെ കുടുംബങ്ങളുടെ എണ്ണം, ആനുകൂല്യ ലഭിക്കാത്ത കുടുംബങ്ങള്‍, ഫണ്ട് വിനിയോഗം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനം, ഓഡിറ്റ് പരാമര്‍ശങ്ങളിലെ നടപടികള്‍, മറ്റു വകുപ്പുകളുമായുള്ള ഫണ്ടിന്റെ ഏകോപനം, മനുഷ്യ- വന്യ ജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നടപടികള്‍, പദ്ധതി നടത്തിപ്പിനും ഫണ്ട് വിനിയോഗത്തിനും തടസമാകുന്ന പോരായ്മകളും പ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളും യോഗം പരിഗണിച്ചു. ഇവസംബന്ധിച്ച ചോദ്യാവലി മുന്‍കൂട്ടി നല്കി മറുപടി ലഭ്യമാക്കിയ ശേഷമായിരുന്നു സന്ദര്‍ശനം.
കമ്മറ്റി ചെയര്മാന് വിടി ബല്‍റാം എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മറ്റി അംഗങ്ങളും എം എല്‍ എമാരുമായ അഡ്വ.ടി ഒ മോഹനന്, ടി കെ ഗോവിന്ദന് മാസ്റ്റര്‍, പറക്കല്‍ അബ്ദുള്ള, വി കെ സനോജ്, ടി വി ഇബ്രാഹിം, ബി ബി ഗോപകുമാര്‍ എന്നിവരും ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ശോഭ, എ ഡി എം കെ ബാലഗോപാല്‍ ഐടിഡിപി, ടി ആര് ഡി എം , പട്ടിക ക്ഷേമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആറളം ഫാമില്‍ നടപ്പാക്കി വരുന്ന വികസനപദ്ധതികളുടെ നിജസ്ഥിതി യോഗം പരിശോധിച്ചു. ബന്ധപെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി.
യോഗ ശേഷം പത്താം ബ്ലോക്കിലെ ആന മതിലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അംഗങ്ങള്‍ പരിശോധിച്ചു. പണി പൂര്‍ത്തിയാക്കിയ സപ്ലൈകോ കെട്ടിടം, എന്‍ എച്ച് എം കെട്ടിടം, ഏഴാം ബ്ലോക്കിലെ സാമൂഹികാരോഗ്യ കേന്ദ്രം, പെണ്‍കുട്ടികളുടെ പ്രീമെടിക് ഹോസ്റ്റല്‍, ഫാം സ്കൂള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ആറളം ഫാം ഓഫീസ് കെട്ടിടം എന്നിവിടങ്ങളിലും കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.
ഇരിട്ടി:ലോക സമാധാന ദിനത്തോടുമ്പന്ധിച്ച് വൈസ് മെന്‍ ക്ലബ് ഓഫ് ആറളം നടത്തിയ യുദ്ധവിരുദ്ധ ക്യാമ്പയിന് – ‘Never again is now ‘ എന്ന യുദ്ധത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഉദ്ഘാടനം ആയിഷ എല്‍പി സ്കൂളില്‍ വെച്ച് ആറളം ഗ്രാമപഞ്ചായത്ത് അംഗം ശിഹാബുദ്ധീന്‍ നിര്‍വഹിച്ചു. വൈസ് മെന്‍ ക്ലബ് ഓഫ് ആറളം പ്രസിഡണ്ട് ആല്ബിന് ജോര്‍ജ് കുര്യന് അധ്യക്ഷത വഹിച്ചു.ആയിഷ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ ,ഫാത്തിമ ടീച്ചര്‍, ഉബൈദ് മാസ്റ്റര്‍, വിജിന ടീച്ചര്‍ ,അര്ജുന് വിജയന് എന്നിവര്‍ സംസാരിച്ചു. ടൈറ്റസ്, അബിന്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്കി. ലോക സമാധാന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് കോമ്പറ്റീഷന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം. ദീര്‍ഘകാല കരാറുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യത ഇന്നലെ കുത്തനെ കുറഞ്ഞു. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള വൈദ്യുതി കിട്ടിയില്ലെങ്കില്‍ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ട്. പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നിട്ടും ഉപയോഗം കുറഞ്ഞിട്ടും കറന്റ് കട്ട് തുടരുകയാണ്. ഓരോ ദിവസവും കട്ടിന് ഓരോ കാരണങ്ങളാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷേ 100 ദശലക്ഷം യൂണിറ്റിന് അടുത്ത് ഉപയോഗം ഉയര്‍ന്ന ദിവസങ്ങളിലേതു പോലെ രാത്രിയില്‍ രണ്ടു വട്ടം നിയന്ത്രണമുണ്ടായി. ഇന്നലത്തെ കാരണം ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തതാണ്. നിലയങ്ങളുടെ തകരാറ് മൂലം മൂന്നു കമ്പനികളില്‍ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഹ്രസ്വകാല ഇടപാടുകള്‍ വഴിയുള്ള വൈദ്യുതിയും കുറഞ്ഞു.
ഇതോടെ,കേന്ദ്ര പൂളില്‍ നിന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കിട്ടിയിട്ടും 75 മെഗാവാട്ട് ഒഡീഷ്യയില്‍ നിന്ന് തരപ്പെടുത്തിയിട്ടും കറണ്ട് കട്ട് ഒഴിവായില്ല. കേന്ദ്ര പൂളില്‍ നിന്ന് 44.72 ദശലക്ഷം യൂണിറ്റ് കിട്ടിയിരുന്നു. പ്രതിസന്ധിയില്‍ സര്‍ക്കാരും കെഎസ്ഇബിയും കടുത്ത പ്രതിരോധത്തിലായപ്പോഴാണ് കറന്റ് വാങ്ങാന്‍ ഡയറക്ടര്‍മാര്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോയത്. ജൂണില്‍ തന്നെ ഈ മാസം പീക്ക് സമയത്ത് വൈദ്യുതിയുടെ കുറവുണ്ടെന്ന് വ്യക്തമായിരുന്നു.
വാഹന മോഡിഫിക്കേഷനില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യുന്നതെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു. ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ അപകടങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു വിമര്‍ശനം. ദേശീയപാതയിലെ തുടര്‍ച്ചയായ അപകടങ്ങളിലും വാഹന മോഡിഫിക്കേഷനിലെ പ്രശ്നങ്ങളെ തുടര്‍ന്നും ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടികള്‍.
മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എം എല്‍ എ രംഗത്തെത്തി. അന്വേഷണം സംബന്ധിച്ച് ടിവിയില്‍ കണ്ടിട്ടുള്ള വിവരം മാത്രമേ അറിയൂ എന്ന് റിയാസ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി സംസാരിക്കും.
ഇന്ത്യയില്‍ പല ഇടങ്ങളിലും ഇ ഡി അന്വേഷണം, മൊഴിയെടുക്കുന്ന രീതി ഇതൊക്കെ ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇതില്‍ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇ ഡി റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വാഭാവികമായും സമൂഹം ചര്‍ച്ച ചെയ്യും.
ഒരുപാട് വ്യാജ വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അതിനെയെല്ലാം നിയമപരമായി നേരിടും. തനിക്ക് ഒന്നും ഭയപ്പെടാനില്ല. ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.കേസിന്റെ മറ്റു വശങ്ങളിലേക്ക് ഒന്നും പോകുന്നില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാട് ഇതില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ മന്ത്രിയുടെ വസതിയില്‍ നടന്ന റെയ്ഡിനെ കോണ്‍ഗ്രസ് അതിശക്തമായി എതിര്‍ത്തിട്ടുണ്ട്. നിയമപരമായ വശം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. ഏതൊക്കെ തരത്തില്‍ എന്തൊക്കെ നീക്കം നടത്തിയാലും ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. ആളുകളെ ഭയപ്പെടുത്തിയും മറ്റു പല നിലയിലും ഇ ഡി മൊഴിയെടുത്തു. ഇത് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തില്‍ താന്‍ കാണാത്തവരെ വെച്ച് വരെ കഥ മെനഞ്ഞിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.
ഇരിട്ടി:പടിയൂര്‍ – കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് താഴെമൂലയില് കുഞ്ഞിക്കണ്ടി നാണിയുടെ വീടിനാണ് തിങ്കളാഴ്ച വൈകുന്നേരം ഇടിമിന്നലേറ്റത്.ഇടിമിന്നലില്‍ വീടിന് കനത്ത നാശനഷ്ടമുണ്ടായി.ഗൃഹോപകരണങ്ങളും വയറിംഗും നശിച്ചു. വൈദ്യതിബന്ധം പൂര്‍ണമായും തകരാറിലായി.കുട്ടികള്‍ മാത്രമുള്ള സമയത്താണ് അപകടം നടന്നത് .നിസാര പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ ,വൈസ് പ്രസിഡണ്ട് പി വി രാജീവ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി രാമചന്ദ്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി ഷൈല കെ വി മനോഹരന് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം സുമോദ് എന്നിവര്‍ സന്ദര്‍ശിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത്
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാം. പ്രാഥമിക അന്വേഷണം ഉള്‍പ്പെടെ കഴിഞ്ഞതിന് ശേഷം വിജിലന്‍സ് അന്വേഷണം മതിയെന്ന തീരുമാനത്തിലേക്കാണ് നിലവില്‍ ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്. ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരവകുപ്പ് മന്ത്രി സുപ്രധാന നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പന്ത് ഡിജിപിയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.