
മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എം എല്‍ എ രംഗത്തെത്തി. അന്വേഷണം സംബന്ധിച്ച് ടിവിയില്‍ കണ്ടിട്ടുള്ള വിവരം മാത്രമേ അറിയൂ എന്ന് റിയാസ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി സംസാരിക്കും.
ഇന്ത്യയില്‍ പല ഇടങ്ങളിലും ഇ ഡി അന്വേഷണം, മൊഴിയെടുക്കുന്ന രീതി ഇതൊക്കെ ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇതില്‍ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇ ഡി റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വാഭാവികമായും സമൂഹം ചര്‍ച്ച ചെയ്യും.
ഒരുപാട് വ്യാജ വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അതിനെയെല്ലാം നിയമപരമായി നേരിടും. തനിക്ക് ഒന്നും ഭയപ്പെടാനില്ല. ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.കേസിന്റെ മറ്റു വശങ്ങളിലേക്ക് ഒന്നും പോകുന്നില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാട് ഇതില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ മന്ത്രിയുടെ വസതിയില്‍ നടന്ന റെയ്ഡിനെ കോണ്‍ഗ്രസ് അതിശക്തമായി എതിര്‍ത്തിട്ടുണ്ട്. നിയമപരമായ വശം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. ഏതൊക്കെ തരത്തില്‍ എന്തൊക്കെ നീക്കം നടത്തിയാലും ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. ആളുകളെ ഭയപ്പെടുത്തിയും മറ്റു പല നിലയിലും ഇ ഡി മൊഴിയെടുത്തു. ഇത് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തില്‍ താന്‍ കാണാത്തവരെ വെച്ച് വരെ കഥ മെനഞ്ഞിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.














