ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെന്ഷന് പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍

സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെന്ഷന് പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി എന്ന് ചേര്‍ത്താണ് പേരുകള്‍ മാറ്റിയിരിക്കുന്നത്. പദ്ധതികള്‍ 2030-31 സാമ്പത്തിക വര്‍ഷം വരെ നീട്ടാന്‍ മന്ത്രിസഭാ അനുമതി നല്കി. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്ഷന് പദ്ധതി അടക്കമുള്ള പദ്ധതികളുടെ പേരുകളാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്.
ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്ഷന് പദ്ധതി ഇനി ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെന്ഷന് യോജന’ എന്ന പേരിലാകും അറിയപ്പെടുക. കൂടാതെ ഇന്ദിരാഗാന്ധി വിധവാ പെന്ഷന് പദ്ധതി ഇനി ‘പ്രധാനമന്ത്രി വിധവാ പെന്ഷന് യോജന’ എന്നും, ഇന്ദിരാഗാന്ധി ഭിന്നശേഷി പെന്ഷന് പദ്ധതി ‘പ്രധാനമന്ത്രി ദിവ്യാംഗ്ജന് പെന്ഷന് യോജന എന്നും പുനര്‍നാമകരണം ചെയ്തു. ദേശീയ കുടുംബ സഹായ പദ്ധതി ഇനി ‘പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന എന്നും പേര് മാറ്റി.
ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് പദ്ധതി പ്രകാരമുള്ള സഹായത്തുക ഇനിമുതല്‍ 79 വയസ്സ് വരെയുള്ളവര്‍ക്ക് 375 രൂപയും, 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് 625 രൂപയുമായിരിക്കും. അതേസമയം, വയോജനങ്ങള്‍ക്കും വിധവകള്‍ക്കുമുള്ള പെന്ഷന് പദ്ധതികളും കുടുംബ ആനുകൂല്യ പദ്ധതിയും നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന് മന്ത്രിസഭാ പത്രക്കുറിപ്പ് അറിയിച്ചു. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 3.20 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെന്ഷന് പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍ Read More »








