
നിയമസഭയില് ചര്ച്ചയായി നെടുമ്പാശേരി മിനി കൂപ്പര് അപകടം. എഫ്ഐആര് ഇടുന്നത് വൈകിയെന്നും പ്രതിയുടെ പേര് ചേര്ക്കാത്തത് സംശയങ്ങള്ക്ക് ഇടവരുത്തിയെന്നും പ്രതിപക്ഷം വിമര്ശിച്ചു. കേസില് ഒരു വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില് ഉണ്ടായ വിദ്വേഷപ്രചാരണം നിയമസഭ അപലപിച്ചു
സബ്മിഷനായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന് നെടുമ്പാശേരി മിനികൂപ്പര് അപകടം സഭയില് ഉന്നയിച്ചത്. പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നതില് ഉള്പ്പെടെ കാലതാമസമുണ്ടായെന്ന വാര്ത്തകള് ആശങ്കപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിക്ക് മദ്യം നല്കിയതില് ബാറുകള്ക്കെതിരെ നടപടി സ്വീകരിച്ചതായി എക്സൈസ് മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല് പ്രതി മദ്യം ഉപയോഗിച്ചുവെന്ന് തെളിയിക്കാന് കൃത്യ സമയത്ത് വൈദ്യ പരിശോധന നടത്തിയോ എന്നതാണ് സംശയമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതില് ഉള്പ്പെടെ കാലതാമസമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.














