Hivision Channel

latest news

തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍ മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്

തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്. രോഗം കൂടുതല്‍ ഇനം മൃഗങ്ങളിലേക്ക് പടര്‍ന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദര്‍ശകരിലേക്കോ ജീവനക്കാരിലേക്കോ രോഗം പടരാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം മൃഗശാലയില്‍ കൃഷ്ണമൃഗങ്ങളിലും പുള്ളിമാനുകളിലും ക്ഷയരോഗം ഗുരുതരമായി പടരുന്ന സാഹചര്യത്തിലാണ് പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്, പഠനം നടത്തിയത്.

തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍ മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ് Read More »

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

പേരാവൂര്‍: തലശ്ശേരി മിഷന്‍ ഹോസ്പിറ്റലും പേരാവൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പേരാവൂര്‍ എം.പി യു.പി സ്‌കൂളില്‍ വെച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഡോ. ബിന്ദു വേണുഗോപാല്‍,റീന മനോഹരന്‍, ബേബി സോജാ, സിറില്‍ ജേഷുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. പി.ആര്‍ വേണുഗോപാല്‍, ഡോ. മുഹമ്മദ് യാസിസ്, ഡോ. ഐശ്വര്യ എ.പി, ഡോ. രാധിക നമ്പ്യാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് Read More »

വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന് വനം മന്ത്രി

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന വിമര്‍ശനവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും വനംമന്ത്രി പറഞ്ഞു.

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ആണ്‍ പുലി കുടുങ്ങിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂട്ടില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും എത്തി. പുലി കോഴിക്കൂട്ടില്‍ നിന്ന് പുറത്തേക്ക് ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷയൊരുക്കി. ജനങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. മയക്കുവെടി വെച്ച് പുലിയെ പിടിക്കാനായിരുന്നു ശ്രമം. എന്നാല്‍ 7.15 ഓടെ പുലി ചത്തു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ശവശരീരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടം ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡപ്രകാരമായിരിക്കും നടത്തുക. എന്‍ടിസി മാനദണ്ഡ പ്രകാരമുള്ള കമ്മിറ്റിയുടെ സാന്നിധ്യത്തിലാവും പോസ്റ്റ്മോര്‍ട്ടം. ഇതില്‍ ഒരു സൂവോളജിസ്‌റ്, രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, ഒരു തദ്ദേശ സ്ഥാപന പ്രതിനിധി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഒരു പ്രതിനിധി എന്നിവരുണ്ടാകും. പുലിയുടെ ജഡം തിരുവിഴാംകുന്നു ഫോറസ്റ്റ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഉള്ളത്.

പോസ്റ്റമോര്‍ട്ടത്തിന് ശേഷം ജഡം കത്തിക്കും. അതേസമയം പ്രദേശത്ത് വന്യമൃഗ ശല്യം കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കടുവ, പുലി, പോത്ത്, ആന എന്നിവയുടെ ശല്യം സ്ഥിരമായുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് പുലികളെ ഇതേ ഭാഗത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.

വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന് വനം മന്ത്രി Read More »

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവര്‍ധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ സ്വീകരിക്കുന്ന മാര്‍ഗം. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും Read More »

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ നിര്‍ണായക സ്ഥാനത്ത് വച്ച് അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്. പരിക്ക് സംബന്ധിയായി അഭിലാഷ് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2018ല്‍ പരിക്ക് പറ്റിയ മേഖലകളില്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസില്‍ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്.

ഇനി ഒന്‍പതിനായിരം നോട്ടിക്കല്‍ മൈല്‍ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറില്‍ തുടങ്ങിയ യാത്ര ഏപ്രില്‍ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീര്‍ത്തിചക്ര, ടെന്‍സിംഗ് നോര്‍ഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അഭിലാഷ് ടോമി നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു.

നാവിക സേനയുടെ ഗോവ ആസ്ഥാനത്തായിരുന്നു അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്. പതിനെട്ട് നാവികരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ തുടക്കത്തിലുണ്ടായിരുന്നത്. അഞ്ച് പേര്‍ പിന്‍വാങ്ങിയിരുന്നു. 300 ദിവസം കൊണ്ട് 30000 മൈല്‍ പിന്നിടുന്നതാണ് റേസിന്റെ ലക്ഷ്യം. ബയനാത്ത് എത്ത ബോട്ടിലാണ് അഭിലാഷിന്റെ രണ്ടാം ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ദിശ കണ്ടുപിടിക്കാന്‍ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്, ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റിന്റെ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറു പായ് വഞ്ചിയില്‍ ലോകം ചുറ്റി വരണം.

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക് Read More »

മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഹാപ്പി ഡ്രിങ്ക്‌സ് ശില്പശാല സംഘടിപ്പിച്ചു

ഇരിട്ടി: മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഹാപ്പി ഡ്രിങ്ക്‌സ് ശില്പശാല സംഘടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് പി. നൗഫല്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി, പ്രൊഫസര്‍ ജോസഫ്, അധ്യാപകരായ വിന്‍സി വര്‍ഗ്ഗീസ്, രേഷ്‌ന പി.കെ, അഞ്ജന വി.വി, അമിത് ചന്ദ്ര, ബിജില കെ എന്നിവര്‍ നേതൃത്വം നല്‍കി.

മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഹാപ്പി ഡ്രിങ്ക്‌സ് ശില്പശാല സംഘടിപ്പിച്ചു Read More »

വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: സെമിനാര്‍

പരിചരിക്കാനാവാതെ വളര്‍ത്തു മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടത്തിയ സെമിനാര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജന്തുജന്യ രോഗങ്ങള്‍ തടയാന്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ അധ്യക്ഷത വഹിച്ചു.
കൊവിഡ് കാലത്ത് വീടുകളിലേക്ക് വളര്‍ത്തു മൃഗങ്ങളെ വാങ്ങിയവര്‍ ഇപ്പോള്‍ പരിചരിക്കാന്‍ സമയമില്ലാത്തതിന്റെ പേരില്‍ രാത്രികാലങ്ങളില്‍ തെരുവില്‍ തള്ളുകയാണെന്ന് എല്‍എംടിസി അസി. ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചു കൊണ്ടിരുന്ന ഇവ അത് ലഭിക്കാതായതോടെയാണ് ആക്രമണം നടത്തുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരികയാണെന്ന് സെമിനാറില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ടി വിജയമോഹനന്‍ പറഞ്ഞു. ജന്തുക്ഷേമ നിയമങ്ങളിലല്ല മനുഷ്യരുടെ കാഴ്ച്ചപ്പാടുകളിലാണ് മാറ്റം വരേണ്ടതെന്ന് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. വി പ്രശാന്ത് അഭിപ്രായപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍ക്കും അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കും എതിരായ ക്രൂരത തടയാനും സാമൂഹിക പ്രതിബദ്ധതയോടെ മൃഗങ്ങളെ വളര്‍ത്താനുമുള്ള വിവിധ നിയമങ്ങളെക്കുറിച്ച് സെമിനാറില്‍ അവബോധം നല്‍കി. കോളേജ് വിദ്യാര്‍ഥികള്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ആസിഫ് എം അഷ്റഫ്, കണ്ണൂര്‍ എസ് എന്‍കോളജിലെ അസി. പ്രൊഫസര്‍മാരായ സികെവി രമേശന്‍, ബി ഒ പ്രസാദ്, ഫീല്‍ഡ് ഓഫീസര്‍ രമേശ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, മൃഗസംക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വെവ്വേറ ക്ലാസുകള്‍ നല്‍കി. ജനുവരി 28ന് രാവിലെ 10ന് കര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് നടക്കും. പരിപാടി 31ന് സമാപിക്കും.

വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: സെമിനാര്‍ Read More »

ആഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ആഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകള്‍ രാജ്യത്തെത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു.

അടുത്ത എട്ട് മുതല്‍ പത്ത് വര്‍ഷം വരെ ഓരോ വര്‍ഷവും 12 ചീറ്റകള്‍ക്ക് പുനരധിവാസം നല്‍കാനാണ് തീരുമാനം. ഇതിലൂടെ സുരക്ഷിതവും പ്രായോഗികവുമായ ഇടം ചീറ്റകള്‍ക്ക് വേണ്ടി ഒരുക്കുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

ആഫ്രിക്കയില്‍ നിന്നും 12 ചീറ്റകള്‍ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം Read More »

വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി

പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതില്‍ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി Read More »

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വച്ചാണ് കളിയ്ക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ പിന്‍വലിച്ചെന്ന വിവരം സിആര്‍പിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷ നല്‍കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയാണ് തങ്ങള്‍ കോണ്‍ഗ്രസിനെ അറിയിച്ചതെന്നുമാണ് സിആര്‍പിഎഫിന്റെ വിശദീകരണം.

രാവിലെ ജമ്മുവില്‍ നിന്ന് യാത്ര തുടങ്ങി ബനിഹാല്‍ ടവറില്‍ വച്ച് സുരക്ഷ പിന്‍വലിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ നിലവില്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയിരിക്കുകയാണ്. മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രം കശ്മീരിലൂടെ യാത്ര നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു Read More »