Hivision Channel

channel news

കെജ്‌രിവാളിന്റെ ജാമ്യം BJPയുടെ കുത്സിതനീക്കത്തിനേറ്റ തിരിച്ചടി,തിരഞ്ഞെടുപ്പിൽ നിർണായകമാവും- പിണറായി

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചുതൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിതനീക്കത്തിന് ഏറ്റകനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രീംകോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബി.ജെ.പി. സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തിരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നിലപരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപനാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ.ഡിയെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നത്. അരവിന്ദ് കെജ്‌രിവാളിന് ജയില്‍ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നേറാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച്. 

ഇന്ന് വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു. വൈകിട്ട് 4 മണിയോടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം

  • സയന്‍സ് – 84.84
  • കൊമേഴ്‌സ് – 76.11
  • ഹ്യുമാനിറ്റിക്‌സ് -67.09


വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര്‍ ഫുള്‍ മാര്‍ക്ക് നേടി.

63 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി ഇതില്‍ 7 സര്‍ക്കാര്‍ സ്‌കുളുകളുമുണ്ട്.ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം


പരീക്ഷ ഫലം അറിയാം
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്.

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം

 സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80  രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും 80  രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്

നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. സ്വർണവിലയിൽ നേരിയ ഇടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. നാളെ അക്ഷയ തൃതീയ ആയതിനാൽ വില കുറയുന്നത് ഉപഭോക്താക്കളിൽ പ്രതീക്ഷ നൽകുന്നുണ്ട്. 

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സ്വർണവില ഉയരുകയായിരുന്നു. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഉയർന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ഇടിവുണ്ട് 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103  രൂപയാണ്. 

മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ

ഭാര്യയെയും മകളെയും കഴുത്തറത്ത് കൊന്നത് പാലിൽ മയക്കുപൊടി കലർത്തിനൽകിയശേഷം; കാരണം കടബാധ്യതയെന്ന് മൊഴി

ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു(50)വിനെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീജു. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവും കൊലപാതകശ്രമവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഭാര്യ പ്രീതയെയും മകള്‍ ശ്രീനന്ദയെയുമാണ് തിങ്കളാഴ്ച രാത്രി കഴുത്തറത്തു കൊലപ്പെടുത്തിയത്. മകന്‍ ശ്രീരാഗ് കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതമൂലം കൂട്ട ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്നാണ് ശ്രീജു പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകങ്ങള്‍ നടന്നത്. പാലില്‍ മയക്കുപൊടി ചേര്‍ത്ത് നല്‍കി കുടുംബാംഗങ്ങളെ മയക്കിയശേഷം കഴുത്തറക്കുകയായിരുന്നെന്നു സമ്മതിച്ചു. രാവിലെ ആരെയും പുറത്തു കാണാത്തതിനാല്‍ അടുത്തുള്ള സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.

ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പ്ലസ് വൺ പ്രവേശനം: മെയ് 16 മുതൽ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷാസമർപ്പണം 16 -ന് തുടങ്ങും. അവസാനതീയതി മേയ് 25. മൂന്നു മുഖ്യഘട്ട അലോട്മെന്റുകൾക്കുശേഷം ജൂൺ 24-ന്‌ ക്ലാസുകൾ തുടങ്ങും. കഴിഞ്ഞ വർഷം ക്ലാസ് ആരംഭിച്ചത് ജൂലായ് അഞ്ചിനായിരുന്നു. സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയാക്കി ജൂലായ് 31-ന്‌ പ്രവേശനനടപടികൾ അവസാനിപ്പിക്കും.

അഡ്മിഷൻ ഷെഡ്യൂൾ

  • ട്രയൽ അലോട്‌മെന്റ്: മേയ് 29
  • ആദ്യ അലോട്‌മെന്റ്: ജൂൺ അഞ്ച്
  • രണ്ടാം അലോട്‌മെന്റ്: ജൂൺ 12
  • മൂന്നാം അലോട്‌മെന്റ്: ജൂൺ 19

മാറ്റങ്ങൾ ഇങ്ങനെ

വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വന്നാൽ അക്കാദമിക മെറിറ്റിന് മുൻതൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കും.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ 14 മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനം ഈ വർഷംമുതൽ ഏകജാലകസംവിധാനത്തിലൂടെ ആയിരിക്കും. ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് പ്രവേശനം സാധ്യമാക്കും.

പ്ലസ് വൺ സീറ്റുകളുടെ എണ്ണം

  • ഹയർ സെക്കൻഡറി: 4,33,231
  • വി.എച്ച്.എസ്.ഇ.: 33,030
  • ഐ.ടി.ഐ: 61,429
  • പോളിടെക്നിക്ക്: 9990
  • എല്ലാ മേഖലകളിലുമായി ആകെ സീറ്റുകൾ: 5,37,680
  • മാർജിനൽ സീറ്റ് വർധനയിലൂടെ ലഭ്യമാവുന്ന ആകെ സീറ്റുകൾ: 61,759
  • 178 താത്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ: 11,965

ബ്രോഷർ പ്രകാശനം ചെയ്തു.

ഇരിട്ടി: യുവ എഴുത്തുകാരി വിദ്യ വിമലിൻ്റെ കഥകളും കവിതകളും ചേർന്നുള്ള ആദ്യ പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായുള്ള ബ്രോഷർ സാഹിത്യകാരൻ നന്ദാത്മജൻ കെതേരി
പ്രകാശനം ചെയ്തു. സി.കെ.ശശിധരൻ അധ്യക്ഷനായി സി.കെ.ലളിത മുഖ്യ പ്രഭാഷണം നടത്തി.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ മുഖ്യാതിഥിയായി.വിദ്യ വിമൽ, ഷെൽനതുളസി റാം, ബുഷ്റസലാം, മിനി രാജീവ്, മനോജ് അത്തി തട്ട്,കെ.കെ.ശിവദാസൻ, ബീന ട്രീസ ,പ്രീത ബാബു, വി.ശോഭന എന്നിവർ സംസാരിച്ചു.

‘താൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി’, വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിച്ചും ഇപി

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച്  ഇപി ജയരാജൻ. താൻ നൽകിയ വിശദീകരണം പാര്‍ട്ടിക്ക്  ബോധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. വിവാദങ്ങൾ മീഡിയയാണ് ഉണ്ടാക്കിയത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തിൽ മാധ്യമങ്ങൾ മാറരുത്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല ഞാൻ. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു. ഇപി -ജാവദേക്കര്‍ വിവാദത്തിൽ ഇപിയെ സംരക്ഷിക്കുകയാണ് സിപിഎം. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയത്. ജയരാജന്റെ വിശദീകരണം കേട്ടതിന് ശേഷമായിരുന്നു നിര്‍ദ്ദേശം. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തന്നെ തുടരും. ദല്ലാൾ നന്ദകുമാറുമായുളള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് ഇപി പാർട്ടിയെ അറിയിച്ചു. ഇപ്പോൾ നടന്നത് വലിയ ഗൂഢാലോചനയാണ്. ഇടതുമുന്നണിയെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. ജാവ്ദേക്കറെ കണ്ടതിൾ പ്രത്യേകിച്ച് ഒന്നുമില്ല. ചില മാധ്യമങ്ങളും ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നും ഇപി പാര്‍ട്ടിയോഗത്തിൽ വിശദീകരിച്ചു. മറ്റ് നേതാക്കളും ഇപിക്കെതിരെ പാർട്ടി യോഗത്തിൽ സംസാരിച്ചില്ല.