Hivision Channel

കെജ്‌രിവാളിന്റെ ജാമ്യം BJPയുടെ കുത്സിതനീക്കത്തിനേറ്റ തിരിച്ചടി,തിരഞ്ഞെടുപ്പിൽ നിർണായകമാവും- പിണറായി

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചുതൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിതനീക്കത്തിന് ഏറ്റകനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രീംകോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബി.ജെ.പി. സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തിരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നിലപരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപനാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ.ഡിയെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നത്. അരവിന്ദ് കെജ്‌രിവാളിന് ജയില്‍ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നേറാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *